സോനാമാർഗ്: ജമ്മു-കശ്മീർ ജനതക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിൽ ഇസെഡ് മോർ തുരങ്കപാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രധാനമന്ത്രിയെ സ്വാഗതംചെയ്ത മുഖ്യമന്ത്രി ഉമർ അബ്ദുല്ല, ജമ്മു-കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനായിരുന്നു പ്രധാനമന്ത്രിയുടെ പരോക്ഷ മറുപടി.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതെന്നും അദ്ദേഹം ഈ വാഗ്ദാനം ഉടൻ നടപ്പാക്കുമെന്ന് തന്റെ ഹൃദയം വിശ്വസിക്കുന്നുവെന്നുമാണ് ഉമർ അബ്ദുല്ല പറഞ്ഞത്.
എല്ലാ കാര്യങ്ങൾക്കും അതിന്റെ സമയമുണ്ടെന്നും ശരിയായ കാര്യങ്ങൾ ശരിയായ സമയത്ത് നടക്കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ജമ്മു-കശ്മീരിൽ സമാധാനത്തിന്റെ അന്തരീക്ഷമുണ്ട്. ഇത് വിനോദസഞ്ചാരത്തിൽ പ്രകടമാണ്. വികസനത്തിന്റെ പുതിയ ഇതിഹാസം രചിക്കുകയാണ് കശ്മീരെന്നും പ്രധാനമന്ത്രി പറഞ്ഞു. 15 ദിവസത്തിനിടെ ജമ്മു-കശ്മീരിലെ രണ്ടു സുപ്രധാന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തത് വലിയ ആദരമാണെന്ന് ഉമർ അബ്ദുല്ല പറഞ്ഞു. കഴിഞ്ഞയാഴ്ച ജമ്മു റെയിൽവേ ഡിവിഷൻ മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.