ന്യൂഡൽഹി: വൈസ് ചാൻസലർമാരുടെ നിയമനവും സർവകലാശാല പ്രഫസർമാരുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച് യു.ജി.സി മുന്നോട്ടുവെച്ച നിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നതും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാണെന്ന് എം.എസ്. എഫ് ദേശീയ കമ്മിറ്റി കുറ്റപ്പെടുത്തി.
രാഷ്ട്രീയ പരിഗണനകൾക്ക് അനുകൂലമായി അക്കാദമിക യോഗ്യത മാറ്റിവെക്കുന്നതിലൂടെ, അക്കാദമിക മികവിന് മുൻഗണന നൽകുന്നതിനുപകരം യൂനിവേഴ്സിറ്റികളെ പ്രത്യയശാസ്ത്ര ശക്തികളുടെ നിയന്ത്രണത്തിലാക്കും. കൂടുതൽ രാഷ്ട്രീയ ഇടപെടലുകളും അധികാര കേന്ദ്രീകരണവും ഉൾപ്പെടുന്ന വി.സി നിയമനങ്ങളെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ സർവകലാശാലകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും.
രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് മുക്തമായി ബൗദ്ധിക സ്വാതന്ത്ര്യം, വിമർശനാത്മക ചിന്ത, അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവക്കുള്ള ഇടങ്ങളായി സർവകലാശാലകൾ നിലനിൽക്കണമെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, ജനറൽ സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് അർഷാദ് എന്നിവർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.