ചെന്നൈ: തമിഴ്നടനും ടി.വി.കെ അധ്യക്ഷനുമായ വിജയിക്കെതിരെ വിമർശനവുമായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ശനിയാഴ്ച മാത്രമേ പ്രചാരണം നടത്തുവെന്ന വിജയിയുടെ പരാമർശത്തിലാണ് സ്റ്റാലിന്റെ മറുപടി. എല്ലാ ദിവസവും പുറത്തിറങ്ങുന്ന രാഷ്ട്രീയനേതാവാണ് താനെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് തുടരുമെന്നാണ് പ്രതീക്ഷയെന്ന് അവരുടെ പേര് പറയാതെ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ അധ്യക്ഷൻ എടപ്പാടി പളനിസ്വാമി ഉൾപ്പടെയുള്ളവർക്ക് ഇപ്പോൾ എം.ജി.ആറിനെ ഓർമയില്ല. ഇപ്പോൾ അവർ അമിത് ഷായെ മാത്രമേ ഓർമ്മിക്കാറുള്ളുവെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ആഴ്ചയിൽ ഞായറാഴ്ച ഉൾപ്പടെ താൻ പര്യടനങ്ങൾ നടത്തുകയും ഔദ്യോഗിക കൃത്യനിർവഹണം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
സെപ്തംബർ 13നാണ് തമിഴ് വെട്രി കഴകം അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചത്. പര്യടനത്തിന്റെ ഭാഗമായി ശനിയാഴ്ച മാത്രമേ ജനങ്ങളോട് സംസാരിക്കുവെന്നാണ് വിജയ് നേരത്തെ പറഞ്ഞിരുന്നത്. ഈ പ്രതികരണത്തിലാണ് ഇപ്പോൾ ഉദയനിധി സ്റ്റാലിന്റെ പ്രതികരണം പുറത്ത് വന്നത്. ജോലി ദിവസങ്ങളിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടിയാണ് ആഴ്ചയുടെ അവസാനദിവസത്തിൽ പ്രചാരണം നടത്തുന്നതെന്ന് വിജയ് പറഞ്ഞിരുന്നു.
പുതുതായി രൂപീകരിച്ച ചില പാർട്ടികളിലെ അംഗങ്ങൾക്ക് അവരുടെ പ്രത്യയശാസ്ത്ര എന്താണെന്ന് പോലും അറിയില്ലെന്നും ഉദയനിധി സ്റ്റാലിൻ വിജയുടെ പാർട്ടിയെ സംബന്ധിച്ച് പ്രതികരണം നടത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി മാത്രമുണ്ടാക്കിയ പാർട്ടിയല്ല ഡി.എം.കെ. ജനങ്ങളുടെ അവകാശങ്ങൾക്കായി നിലകൊണ്ട പാർട്ടിയാണ് അതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.