ആദിവാസി കൊല: വനിതാ പ്രഫസര്‍മാര്‍ക്ക് എതിരെ യു.എ.പി.എ ചുമത്തി

ന്യൂഡല്‍ഹി: സുക്മയില്‍ ആദിവാസി കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹിയിലെ രണ്ട് വനിതാ പ്രഫസര്‍മാരെയും സി.പി.എം, സി.പി.ഐ നേതാക്കളെയും പ്രതിയാക്കിയ സംഭവത്തിനെതിരെ വിവിധ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത്. ഛത്തിസ്ഗഢിലെ ബി.ജെ.പി സര്‍ക്കാറിന്‍െറ നക്സല്‍-ആദിവാസി വേട്ടക്കെതിരായ പ്രതിഷേധവും ഇതോടെ ശക്തമായി.

ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ നന്ദിനി സുന്ദര്‍, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അര്‍ച്ചന പ്രസാദ്, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് പരാതെ, സി.പി.ഐ നേതാവ് മംഗള എന്നിവരും ഏതാനും മാവോവാദികളും അടക്കം ഡസനിലേറെ പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൊലക്കുറ്റത്തിനു പുറമെ യു.എ.പി.എയും (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.

ആദിവാസി കുടിലുകള്‍ കത്തിക്കുകയും വ്യാജ ഏറ്റുമുട്ടല്‍ കൊല നടത്തുകയും ചെയ്യുന്ന പൊലീസ് സംഘത്തെ നയിക്കുന്ന ഐ.ജി കല്ലൂരിക്കെതിരെ നടപടി സ്വീകരിക്കുകയും നന്ദിനിക്കും മറ്റുമെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കുകയും വേണമെന്ന് സി.പി.എം നേതാവ് വൃന്ദ കാരാട്ട്, സി.പി.ഐ നേതാവ് ഡി. രാജ, പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്, സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗ്രോവര്‍, ബി.എസ്.എഫ് മുന്‍ മേധാവി റാം മോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വ്യാജ ഏറ്റുമുട്ടല്‍, മാനഭംഗം, കുടില്‍ കത്തിക്കല്‍ തുടങ്ങിയവക്ക് കുപ്രസിദ്ധി നേടിയ പൊലീസ് സംഘത്തെ നയിക്കുന്ന ഐ.ജി കല്ലൂരിക്ക് മുമ്പ് മികച്ച സേവനത്തിന് രാഷ്ട്രപതി നല്‍കിയ പൊലീസ് മെഡല്‍ തിരിച്ചെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബസ്തര്‍ മേഖലയിലെ നക്സല്‍-ആദിവാസി വിഷയങ്ങള്‍ക്ക് പ്രധാന ഉത്തരവാദി ഐ.ജിയാണെന്ന് അവര്‍ ആരോപിച്ചു. ഐ.ജിക്ക് പൂര്‍ണമായ പിന്‍ബലം നല്‍കുന്നത് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറാണ്.

ഛത്തിസ്ഗഢിലെ മനുഷ്യാവകാശപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്‍െറ പ്രതികാരമാണ് പൊലീസും ഭരണകൂടവും കാണിക്കുന്നത്. രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരെ ഈ മേഖലയില്‍നിന്ന് മാറ്റിനിര്‍ത്തുകയും വമ്പന്‍ വ്യവസായികള്‍ക്ക് ഖനനത്തിനും ചൂഷണത്തിനും സൗകര്യമൊരുക്കിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. ഇതിന് നിരക്ഷരരായ ആദിവാസികളെ മറയാക്കാനും ശ്രമിക്കുന്നു.

സംസ്ഥാനത്തെ മനുഷ്യാവകാശപ്രശ്നങ്ങളെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്താന്‍ രാഷ്ട്രപതി തയാറാകണമെന്നും പ്രതിഷേധരംഗത്തുള്ളവര്‍ ആവശ്യപ്പെട്ടു. ആദിവാസി വേട്ട പാര്‍ലമെന്‍റില്‍ വിഷയമാക്കും. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നിരിക്കുകയാണ്. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനു പകരം പ്രശ്നപരിഹാരത്തിന് സമാധാന ചര്‍ച്ച ആരംഭിക്കുകയാണ് ചെയ്യേണ്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

 

Tags:    
News Summary - uapa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.