മക്ക: വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം തീർഥാടകരും മക്കയിൽ എത്തിച്ചേർന്നു. രാജ്യത്തെ 17 എംബാർക്കേഷൻ പോയിൻറുകൾ വഴി ജിദ്ദ, മദീന വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് തീർഥാടകരുടെ വരവ്. ഇതിൽ മദീന വഴിയുള്ള സർവിസുകൾ കഴിഞ്ഞദിവസം പൂർത്തിയായി. മദീനയിലെത്തിയ ഹാജിമാർ സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി ജിദ്ദ വിമാനത്താവളം വഴി മാത്രമായിരിക്കും ഹാജിമാരുടെ വരവ്. മെയ് 22 വരെ ജിദ്ദ വഴിയുള്ള സർവീസുകൾ തുടരും.
ഇതുവരെ 300 വിമാനങ്ങളിലായി 90,011 ഇന്ത്യൻ ഹാജിമാരാണ് സൗദി അറേബ്യയിലെത്തിയത്. സൗദി എയർലൈൻസിൽ ജിദ്ദയിലെ ഒന്നാം നമ്പർ ടെർമിനൽ വഴി എത്തുന്ന 12,000ഓളം തീർഥാടകരെ ഹറമൈൻ അതിവേഗ ട്രെയിൻ മാർഗമാണ് മക്കയിലെത്തിക്കുന്നത്. മറ്റുള്ളവർ ഹജ്ജ് സർവീസ് കമ്പനികൾ ഏർപ്പെടുത്തിയ ബസുകളിലാണ് മക്കയിലെത്തുന്നത്. കേരളത്തിൽ നിന്നുള്ള ഹാജിമാരിൽ 11,000ത്തിലധികം പേർ ഇതിനകം മക്കയിലെത്തിക്കഴിഞ്ഞു. കണ്ണൂരിൽ നിന്നുള്ള സർവീസുകൾ ബുധനാഴ്ചയോടെ പൂർത്തിയാകും. കോഴിക്കോട് നിന്നുള്ള തീർഥാടകരുടെ യാത്ര മെയ് 14 മുതൽ 17 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഇനി മൂന്ന് വിമാനങ്ങൾ കൂടി സർവീസ് നടത്താനുണ്ട്. മെയ് 17, 18, 19 തീയതികളിലായി ഈ സർവീസുകൾ കൂടി പൂർത്തിയാകുന്നതോടെ മെയ് 19ന് മുഴുവൻ മലയാളി ഹാജിമാരും മക്കയിലെത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ലക്ഷദ്വീപിൽ നിന്നുള്ള 107 പേരും മക്കയിലെത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി വഴിയാണ് ഇവർ യാത്ര തിരിച്ചത്. ഒരു ഹജ്ജ് ഇൻസ്പെക്ടറും സംഘത്തോടൊപ്പമുണ്ട്.
കരിപ്പൂരിലെ ആദ്യവിമാനം വ്യാഴാഴ്ച പുലർച്ചെ
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് യാത്രയാകുന്ന തീർഥാടകരുടെ യാത്ര സൗകര്യങ്ങൾ ചർച്ച ചെയ്യാൻ വിമാനത്താവള ഡയറക്ടർ മുകേഷ് യാദവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യവിമാനം മേയ് 14ന് പുലർച്ചെ 12.20ന് പുറപ്പെടും. ആകാശ് എയർലൈൻസിന്റെ ഏഴ് സർവിസുകളാണ് ഇവിടെ നിന്നുള്ളത്. ലഗേജ് സ്വീകരിക്കാൻ പ്രത്യേകം കൗണ്ടർ ഏർപ്പെടുത്തും. ഹാജിമാർ വിമാനത്താവളത്തിലെത്തി ലഗേജുകൾ എയർലൈൻസ് അധികൃതർക്ക് കൈമാറണം. രണ്ട് ബാഗുകളിലായി പരമാവധി 35 കിലോഗ്രാമാണ് അനുവദിക്കുക. ഹാന്റ് ബാഗ് ഏഴ് കിലോഗ്രാമാണ്. എയർപോർട്ടിലെ ഓരോ വിമാനത്തിന്റെയും ലഗേജുകൾ കൈമാറുന്നത് വരെ തീർഥാടകർക്ക് താൽക്കാലിക വിശ്രമത്തിന് പ്രത്യേക ഇരിപ്പിടം സജ്ജമാക്കും. ലഗേജുകൾ കൈമാറിയശേഷം ഹാജിമാരെ ഹജ്ജ് ഹൗസിലേക്ക് ബസിൽ എത്തിക്കും.
വിമാനത്താവള അതോറിറ്റി, എയർലൈൻസ്, കസ്റ്റംസ്, സി.ഐ.എസ്.എഫ്, എമിഗ്രേഷൻ തുടങ്ങിയ വിഭാഗങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. ഹജ്ജ് കമ്മിറ്റി സി.ഐ.എസ്.എഫ് കമാൻഡൻറ് ജെ.എസ്. റാത്തോഡ്, അസി. കമാൻഡന്റ് സുനിൽ റജ്വാർ, അസി. സെക്രട്ടറി ജാഫർ കക്കൂത്ത്, ഹജ്ജ് നോഡൽ ഓഫിസർ പി.കെ. അസയിൻ, മുഹമ്മദ് ഷഫീഖ്, ചീഫ് സെക്യൂരിറ്റി ഓഫിസർ ടിജോ ജോസഫ്, എയർപോർട്ട് ഡെപ്യൂട്ടി ജനറൽ മാനേജർ സുനിത വർഗീസ്, മോൻ ടി. ജോർജ് (ഡി.ഡി.എം ഓപറേഷൻ), ഋഷികുമാർ (ആകാശ എയർലൈൻസ്), ഷീലാജിത് (ഡെ. സെക്യൂരിറ്റി മാനേജർ), അനീഷ് മാത്യൂ (ഇന്റോ തായ്), യു. മുഹമ്മദ് റഈഫ്, അബ്ദുൽമജീദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.