ന്യൂഡല്‍ഹി: രണ്ട് മുസ്ലിം പുരോഹിതരെ പാകിസ്താനിൽ കാണാതായി. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗ മേധാവി സെയ്യിദ് ആസിഫ് അലി നിസാമിയെയും (80) ബന്ധുവായ നസീം നിസാമിയെ (60) യുമാണ് പാക് വിമാനത്താവളത്തില്‍ വെച്ച് കാണാതായത്. ലാഹോറിലെ പ്രശസ്ത സൂഫീ ദർഗയായ ദഅത ദർബാർ സന്ദർശിക്കാൻ പോയതായിരുന്നു ഇരുവരും.
ബുധനാഴ്ച പാക് അധികൃതര്‍ തടഞ്ഞുവെച്ച ഇവരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. പതിനാലാം തീയതി ആസിഫ് അലിയും നസീമും ലാഹോറിലെ ദഅത ദർബാർ ദർഗ സന്ദര്‍ശിച്ചിരുന്നു. പിന്നീട് കറാച്ചിയിലേക്ക് പോകുന്നതിനായി ലാഹോര്‍ എയര്‍പോര്‍ട്ടിലെത്തിയ നസീമിനെ അധികൃതര്‍ തടയുകയും ആസിഫ് അലിയെ വിമാനത്തില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ ലാഹോറില്‍ എത്തിയ ആസിഫ് അലിയെയും പാക് അധികൃതര്‍ തടയുകയായിരുന്നു എന്നാണ് വിവരം.
ബന്ധുക്കളെ കാണുന്നതിനും ദര്‍ഗകള്‍ സന്ദര്‍ശിക്കുന്നതിനും വേണ്ടിയാണ് ആസിഫ് അലിയും നസീമും പാകിസ്താനില്‍ എത്തിയത്. ലാഹോറിലെ ദാത്താ ദര്‍ബാറിലെയും ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയിലെയും പുരോഹിതര്‍ പരസ്പരം സന്ദര്‍ശനം നടത്തുന്നത് പതിവാണ്.
മാര്‍ച്ച് ആറിനാണ് ഇവര്‍ പാകിസ്താനില്‍ എത്തിയതെന്ന് ആസിഫ് അലി നിസാമിയുടെ മകന്‍ സാസിദ് അലി നിസാമി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുവരെ കുറിച്ചും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ കേന്ദ്രസര്‍ക്കാര്‍ പാകിസ്താനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഉറപ്പുനല്‍കിയതായി സാസിദ് നിസാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.