ന്യൂഡൽഹി: മുതിർന്ന അഭിഭാഷക വി. മോഹന ചുമതലയേറ്റതോടെ സുപ്രീംകോടതിയിൽ ഇനി രണ്ട് വനിത ജഡ്ജിമാർ. ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രമാണ് നിലവിൽ ഉണ്ടായിരുന്നത്.
ജസ്റ്റിസ് ഇന്ദു മൽഹോത്രക്കുശേഷം അഭിഭാഷകരിൽനിന്ന് സുപ്രീംകോടതി ജഡ്ജിയായി നിയമിതയാകുന്ന രണ്ടാമത്തെ വനിതയുമാണ് വി. മോഹന.
അഞ്ചുവർഷത്തിനുശേഷം ആദ്യമായാണ് വനിത ജഡ്ജി നിയമനം. 2021 ആഗസ്റ്റിൽ ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബി.വി. നാഗരത്‌ന, ബേല ത്രിവേദി എന്നിവർ ഒരേസമയം സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റിരുന്നു. ഇവരിൽ ഹിമ കോഹ്‌ലിയും ബേല ത്രിവേദിയും പിന്നീട് വിരമിച്ചു.
ജസ്റ്റിസ് വി. മോഹനക്കൊപ്പം ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ, ജസ്റ്റിസ് അരുൺ പള്ളി എന്നിവരാണ് ഇന്ന് പുതിയ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ സുപ്രീംകോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 37 ആയി. 38 ജഡ്ജിമാരെയാണ് പരമാവധി അനുവദിക്കാനാകുക. മേയ് 22, 27 തീയതികളിൽ ചേർന്ന സുപ്രീംകോടതി കൊളീജിയം യോഗമാണ് ഇവരെ ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ ചെയ്തത്.
ചെന്നൈ സ്വദേശിനിയായ വി. മോഹന, കോയമ്പത്തൂർ ലോ കോളജിൽനിന്നാണ് നിയമബിരുദമെടുത്തത്. കോയമ്പത്തൂരിൽ പ്രാക്ടീസ് ആരംഭിച്ചശേഷം ഡൽഹിയിലേക്ക് മാറിയ ഇവർ, 1996ൽ അഡ്വക്കേറ്റ്സ് ഓൺറെക്കോഡ് പരീക്ഷ പാസായി. 2015ലാണ് സീനിയർ അഭിഭാഷക പദവി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.