മുംബൈ: കടം കൊടുത്ത പണം തിരികെ ചോദിക്കുന്നത് ആത്മഹത്യ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈകോടതി. സ്കൂൾ അധ്യാപകന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. നിരീക്ഷണത്തിന്‍റെ ഭാഗമായി പ്രതികൾക്കെതിരെയുള്ള ക്രമിനിൽ നടപടി കോടതി റദ്ദാക്കി. ഐ.പി.സിയിലെ 306ആം വകുപ്പ് ചുമത്തണമെങ്കിൽ മനപൂർവം അയാൾ ആത്മഹത്യപ്രേരണ നടത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. `കടം നൽകിയ പണം തിരികെ ആവശ‍്യപ്പെടുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാൻ കഴിയില്ല' ജസ്റ്റിസ് രഞ്ജിത്‌സിൻഹ രാജ ബോൺസ്‌ലെയടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
2022 ലാണ് കേസിനാസ്പദമായ സംഭവം. വായ്പാ ഏജന്‍റുമാരുടെ പീഡനത്തെതുടർന്ന് കോലാപ്പൂർ സ്വദേശി ദിലീപ് പാണ്ഡെ വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. വായ്പ തിരിച്ചടക്കാത്തതിനാൽ ദിലീപിനെ പീഡിപ്പിച്ചിരുന്നെന്നാരോപിച്ച് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. ആറ് പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. ആത്മഹത്യ പ്രേരണയിലേക്ക് നയിക്കുന്ന സംഭങ്ങളോ ഗൂഢാലോചനയോ കേസിൽ ഉണ്ടായിട്ടില്ലെന്നും എഫ്.ഐ.ആറിലെ ആരോപണങ്ങൾ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.