വിദേശ പൗരൻമാരുടെ വിസ നിയമ നടപടികളിൽ നിർണായക മാറ്റവുമായി ആഭ്യന്തര മന്ത്രാലയം; വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രജിസ്റ്റർ ​ചെയ്യണം

ന്യൂഡൽഹി: വിദേശ പൗരൻമാരുടെ വിസ, താമസം, രജിസ്ട്രേഷൻ നിയമ നടപടികളിൽ നിർണായക മാറ്റം വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിസ നടപടി ക്രമങ്ങൾ കർശനമാക്കുന്നതിനൊപ്പം വിദേശികളായ ദമ്പതികൾക്ക് ഇന്ത്യയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ചില ഇളവുകളും പുതിയ വിജ്ഞാപനത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരൻമാരെ നിരീക്ഷിക്കുന്നതിനും ഇമി​ഗ്രേഷൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം. പുതുക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് റൂൾസ്, 2025 പ്രകാരമാണ് പരിഷ്‌കാരങ്ങൾ.

വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾ ഇനി മുതൽ 2025ലെ പുതുക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് നിയമങ്ങൾ പ്രകാരം നേരത്തെ രജിസ്റ്റർ ചെയ്യേണ്ടിവരും. 180 ദിവസമോ അതിൽ കുറവോ കാലാവധിയുള്ള വിസയിലെ സന്ദർശകർ 180 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. 180 ദിവസത്തെ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യാനാകും. നേരത്തേ, അർഹരായ വിദേശ പൗരന്മാർക്ക് താമസ കാലാവധി നീട്ടണമെങ്കിൽ ഇന്ത്യയിലെത്തി 180 ദിവസം കഴിഞ്ഞാൽ 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാമായിരുന്നു.

180 ദിവസത്തിൽ കൂടുതൽ കാലാവധിയുള്ള വിസയുള്ളവരും എന്നാൽ ‘ഒരു തവണത്തെ താമസം 180 ദിവസത്തിൽ കൂടരുത്’ എന്ന നിബന്ധനയുള്ളവരുമായ വിദേശികൾക്ക് പുതിയ നിയമം കർശനമാകും. ഇവർ ഒരൊറ്റ സന്ദർശനത്തിലോ അല്ലെങ്കിൽ ഒരു കലണ്ടർ വർഷത്തിലോ 180 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആ കാലാവധി തീരുന്നതിന് മുമ്പുതന്നെ രജിസ്റ്റർ ചെയ്യണം. ഇത്തരം രജിസ്‌ട്രേഷനുകൾ അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് അനുവദിക്കുക.

മാതാപിതാക്കളിൽ ഒരാളോ രണ്ടുപേരോ വിദേശികളാണെങ്കിൽ ഇന്ത്യയിൽ ജനിക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പുതിയ വിജ്ഞാപനത്തിൽ ആശ്വാസവും നൽകുന്നുണ്ട്. നേരത്തേ, മാതാപിതാക്കളിൽ ആരെങ്കിലുമോ അല്ലെങ്കിൽ രണ്ടുപേരുമോ വിദേശികളാണെങ്കിൽ, ഇന്ത്യയിൽ കുട്ടി ജനിച്ച് 30 ദിവസത്തിനകം പുതിയ വിസക്കോ എക്സിറ്റ് പെർമിറ്റിനായോ ഓൺലൈൻ പോർട്ടൽ വഴി ഇമിഗ്രേഷൻ ഓഫീസറെ വിവരമറിയിക്കണമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാവുകയും, അവർ കുട്ടിയുടെ ഇന്ത്യൻ പൗരത്വം നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ 30 ദിവസത്തിനുള്ളിലെ നിർബന്ധിത ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമില്ല. എന്നാൽ, കുട്ടി പിന്നീട് ഇന്ത്യയിൽവെച്ച് ഏതെങ്കിലും വിദേശ രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുകയാണെങ്കിൽ, 30 ദിവസത്തിനകം ഇമിഗ്രേഷൻ ഓഫീസറെ വിവരമറിയിക്കണം.

വിദേശികൾക്ക് ചികിത്സയോ താമസസൗകര്യമോ നൽകുന്ന രാജ്യത്തെ എല്ലാ ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, മറ്റ് മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവ അധികൃതർക്ക് നൽകേണ്ട റിപ്പോർട്ടുകളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. 

Tags:    
News Summary - Foreigners seeking longer stays in India must register before visa expires Union Home Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.