ന്യൂഡൽഹി: ലബനനിലെ ഇസ്രായേൽ സൈനിക നടപടികളിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. ഇസ്രായേൽ ആക്രമണത്തിനെതിരെ ആഗോളതലത്തിൽ വിമർശനങ്ങൾ ശക്തമാകുമ്പോഴും മോദി പൂർണമായും മൗനം പാലിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യു.എസും ഇറാനും തമ്മിലുള്ള ചർച്ചകൾ ഇന്ത്യയുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് നിർണായകമാണ്. യു.എസ് -ഇറാൻ കരാർ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആഗോള എണ്ണവില വർധന സമ്മർദ്ദം കുറക്കാനും സഹായിക്കും. ഇത് ഇന്ത്യക്ക് നേരിട്ട് ഗുണം ചെയ്യും. എന്നാൽ, ലബനനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം ഈ ചർച്ചകളെ തകിടം മറിക്കുമെന്നും ജയ്റാം രമേശ് പറഞ്ഞു.
ലബനനിലെ ഇസ്രായേൽ സൈനിക നടപടിയുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തമ്മിൽ കടുത്ത വാക്കുതർക്കം നടത്തുവെന്ന റിപ്പോർട്ടുകളെയും ജയ്റാം രമേശ് പരാമർശിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് കടുത്ത നിരാശയും കോപവും പ്രകടിപ്പിച്ചു. മറ്റു പല രാജ്യങ്ങളും ലബനനിലെ ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ചു. എന്നാൽ, ഇസ്രായേൽ നടപടികളിൽ പൂർണമായും മൗനം പാലിച്ച ഒരു രാജ്യ തലവൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അതിൽ അത്ഭുതപ്പെടാനില്ലെന്നും ജയ്റാം രമേശ് പറഞ്ഞു. മാതൃഭൂമിയേക്കാൾ പിതൃഭൂമിക്കാണോ മോദി മുൻഗണന നൽകുന്നതെന്നും ജയ്റാം രമേശ് ചോദിച്ചു.
ലബനനിലെ ഇസ്രയേൽ സൈനിക നടപടിയുമായി ബന്ധപ്പെട്ട് നടന്ന ഫോൺ സംഭാഷണത്തിനിടെ ട്രംപ്, നെതന്യാഹുവിനോട് രൂക്ഷമായി കയർത്തതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു മോദിക്കെതിരായ കോൺഗ്രസിന്റെ വിമർശനം. ലബനനിലെ ഇസ്രയേലിന്റെ കടന്നുകയറ്റത്തെ തുടർന്ന് യു.എസുമായുള്ള ചർച്ചകൾ നിർത്തിവയ്ക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സംഭവം. നെതന്യാഹു നന്ദികേട് കാണിച്ചതായി ട്രംപ് കുറ്റപ്പെടുത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനനിൽ ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ പദ്ധതി ട്രംപ് തടഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.