സൈബർ തട്ടിപ്പുകൾ ലോകത്തിന് മുന്നിൽ വരച്ച് കാട്ടിയ രണ്ട് ഇന്ത്യന്‍ മാധ്യമ പ്രവർത്തകർക്ക് പുലിറ്റ്സർ പുരസ്കാരം

ഡൽഹി: സൈബർ തട്ടിപ്പും ഡിജിറ്റൽ നിരീക്ഷണവും ആസ്പദമാക്കിയുള്ള മാധ്യമ സംഭാവനക്ക് പുലിറ്റ്സർ പുരസ്കാരം നേടി രണ്ട് ഇന്ത്യക്കാർ. മാധ്യമപ്രവർത്തകരായ ആനന്ദ് ആർ.കെ, സുപർണ ശർമ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഇല്ലസ്ട്രേറ്റഡ് റിപ്പോർട്ടിങ്, കമന്‍ററി വിഭാഗങ്ങളിലായാണ് പുരസ്കാരം. ബ്ലൂംബെർഗ് മാഗസീനിൽ പ്രസിദ്ധീകരിച്ച 'trAPPed' എന്ന ലേഖനത്തിനാണ് പുരസ്കാരം ലഭിച്ചത്. മാഗസീനിലെ മാധ്യമ പ്രവർത്തക നതാലിയേ ഒബിക്കോയുമായി ഇരുവരും പുരസ്കാരം പങ്കു വെച്ചു.

 ഡിജിറ്റൽ അറസ്റ്റിലൂടെ സൈബർ കുറ്റവാളികൾ ഇരകളെ മനശാസ്ത്രപരമായി തട്ടിപ്പിനിരയാക്കുന്നതിനെ കുറിച്ചുള്ളതാണ് ലേഖനം. ദക്ഷിണേഷ്യയിലുടനീളം വർധിച്ചു വരുന്ന ഓൺ ലൈന്‍ തട്ടിപ്പുൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ പ്രതീകാത്മകമായി വരച്ചു കാട്ടുന്ന അന്വേഷണാത്മക റിപ്പോർട്ടാണിത്.

സൈബർ കുറ്റ കൃതൃങ്ങളുടെ ആഴം നൂതനമായ ശൈലിയിലൂടെ അവതരിപ്പിച്ചതിനെ പുലിറ്റ്സർ ബോർഡ് മാധ്യമ പ്രവർത്തകരെ പ്രശംസിച്ചു. ബ്ലൂ ഇന്‍ ഗ്രീന്‍, ഗ്രാഫിറ്റീസ് വാൾ തുടങ്ങിയ ഗ്രാഫിക് നോവലുകളിലൂടെ പ്രശസ്തനായ വ്യക്തിയാണ് ആനന്ദ് ആർ കെ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ് സുപർണ ശർമ. ബ്ലൂം ബെർഗിന്‍റെ ഏഷ്യയിലെ മുതിർന്ന അന്വേഷണ റിപ്പോർട്ടറാണ് നതാലിയേ ഒബിക്കോ.

ഇല്ലസ്ട്രേറ്റർ റിപ്പോർട്ടിങ് അവാർഡിനു പുറമെ യു.എസ് സർക്കാറും മറ്റ് ഭരണ കൂടങ്ങളും രഹസ്യമായി ഉപയോഗിക്കുന്ന മാസ് സർവെയ്‍ലന്‍സ് സാങ്കേതിക വിദ്യയെ കുറിച്ചുള്ള റിപ്പോർട്ടിങിന് മറ്റൊരു ഇന്ത്യൻ മാധ്യമ പ്രവർത്തക അനിരുദ്ധ ഗോഷാലിനും പുലിറ്റ്സർ അംഗീകാരം ലഭിച്ചു. മാധ്യമ രംഗത്തെ സംഭാവനകൾക്ക് നൽകി വരുന്ന ഏറ്റവും വലിയ പുരസ്കാരമാണ് പുലിറ്റ്സ്ർ. പത്ര സ്വാതന്ത്ര്യം, അന്വേഷണാത്മക സ്വാതന്ത്യം എന്നിവയെ കുറിച്ച് ആഗോള തലത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ വർഷത്തെ പുരസ്കാര പ്രഖ്യാപനം.

Tags:    
News Summary - Two India journalists won Pulitzer award in Illustrated Reporting and Commentary category

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.