ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നതോടെ, തമിഴക രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി നടൻ വിജയിയുടെ തമിഴക വെട്രി കഴകം മാറി. 105 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി രാഷ്ട്രീയ നിരീക്ഷകരെപോലും ഞെട്ടിച്ചിരിക്കുകയാണ് വിജയ്. ഒറ്റക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ എ.ഐ.എ.ഡി.എം.കെയും വിജയിയും കൈകോർക്കുമോ എന്ന ചർച്ചകളാണ് ഇപ്പോൾ ചെന്നൈയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നത്.
2025 അവസാനത്തോടെ ഇരുപാർട്ടികളും തമ്മിൽ അനൗദ്യോഗിക ചർച്ചകൾ നടന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ വിജയ് മുന്നോട്ടുവെച്ച കടുത്ത നിബന്ധനകൾ സഖ്യനീക്കങ്ങൾക്ക് തിരിച്ചടിയായി.
വർഷങ്ങളായി തമിഴ്‌നാട് ഭരിച്ച എ.ഐ.എ.ഡി.എം.കെയെ സംബന്ധിച്ചിടത്തോളം ഒരു നവാഗത പാർട്ടിക്ക് മുന്നിൽ ഇത്രയധികം വിട്ടുവീഴ്ചകൾ ചെയ്യുന്നത് അചിന്തനീയമായിരുന്നു. ഇതോടെ ചർച്ചകൾ പരാജയപ്പെടുകയും എ.ഐ.എ.ഡി.എം.കെ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയിലേക്ക് അടുക്കുകയും ചെയ്തു.
സഖ്യസാധ്യതകൾ തകർന്നതോടെ ഇരുപക്ഷവും പരസ്പരം കടന്നാക്രമിക്കുന്ന കാഴ്ചയാണ് പ്രചാരണ വേളയിൽ കണ്ടത്. 234 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഡി.എം.കെയെയും ബി.ജെ.പിയെയും ഒരുപോലെ എതിർത്ത വിജയ്, എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യവാർത്തകൾ പൂർണമായും നിഷേധിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി വിജയിയുമായുള്ള സഖ്യം വെറും മാധ്യമസൃഷ്ടിയാണെന്ന് പറഞ്ഞ് തള്ളുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമില്ലെന്ന് ഉറപ്പായെങ്കിലും, ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായൽ കാര്യങ്ങൾ മാറിമറിയാനും സാധ്യതയുണ്ടെന്ന് നിരീക്ഷകർ പറയുന്നു. നിലവിലെ ട്രെൻഡുകൾ പ്രകാരം വിജയ് തമിഴ് രാഷ്ട്രീയത്തിലെ ഒരു ‘കിങ് മേക്കർ’ പദവിയിലേക്ക് ഉയരുകയാണ്. വരും മണിക്കൂറുകളിലെ ഫലങ്ങൾ തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നതിൽ നിർണായകമാകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.