ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിസഭാ വിപുലീകരണത്തിൽ എ.ഐ.എ.ഡി.എം.കെ വിമത നേതാക്കളെ പങ്കാളികളാക്കാനുള്ള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി വിജയ് പിൻമാറിയതായി റിപ്പോർട്ട്. സഖ്യകക്ഷികളായ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ശക്തമായ എതിർപ്പിനെത്തുടർന്നാണ് വിജയിന്റെ പിൻമാറ്റം.
തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് എടപ്പാടി പളനിസ്വാമിയുമായി ഇടഞ്ഞ സി.വി. ഷൺമുഖം, എസ്.പി. വേലുമണി, അല്ലെങ്കിൽ മറ്റ് ഏതെങ്കിലും എം.എൽ.എ.മാർക്ക് വിജയ് ക്യാബിനറ്റ് പദവികൾ നൽകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെ സി.പി.എമ്മും കോൺഗ്രസും എതിർക്കുകയായിരുന്നു. ബി.ജെ.പിയോടൊപ്പം മത്സരിച്ചവരെ പിന്തുണക്കുന്നതിനെയായിരുന്നു ഇരു പാർട്ടികളും എതിർത്തത്. അത്തരമൊരു സാഹചര്യം വന്നാൽ സി.പി.എം സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. സഖ്യത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് വിജയ് ക്യാമ്പിന്റെ പിൻമാറ്റം.
അതേസമയം എ.ഐ.എ.ഡി.എം.കെ വിമതരെ സഖ്യകക്ഷിയിൽ ചേർത്താൽ സി.പി.എം സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന വാർത്തകൾ ടി.വി.കെ നേതാവ് ആധവ് അർജുന തള്ളിയിരുന്നു. വിടുതലൈ ചിരുതൈകൽ കച്ചി (വി.സി.കെ), സി.പി.എം, മൂന്ന് പാർട്ടികളെയും സർക്കാരിൽ ചേരാൻ ക്ഷണിച്ചതായി ടി.വി.കെ നേതാവ് ആധവ് അർജുന ആവർത്തിച്ചു.
എന്നാൽ മന്ത്രിസഭാ വിപുലീകരണത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച് ടി.വി.കെ മേധാവി വിജയ് ഉടൻ പ്രഖ്യാപനം നടത്തുമെന്നും ആധവ് അർജുന മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടി.വി.കെയുടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് അധികാരം പങ്കിടുമെന്ന് അർജുന സ്ഥിരീകരിച്ചു. എന്നാൽ രണ്ടു സീറ്റ് വീതമുള്ള സി.പി.എം, വി.സി.കെ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പുറത്തു നിന്ന് മാത്രമേ പിന്തുണ നൽകിയിട്ടുള്ളൂ.
സി.പി.എം, സി.പി.ഐ, വി.സി.കെ, ഐ.യു.എം.എൽ എന്നിവയെ വിജയ് അധികാരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അത് അദ്ദേഹത്തിന്റെ ആഗ്രഹവും സ്വപ്നവുമാണെന്നും ആധവ് പറഞ്ഞു.ടി.വി.കെ എപ്പോഴും സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളും. ഏപ്രിൽ 23 ലെ തിരഞ്ഞെടുപ്പിന്റെ വിധിയെ വെല്ലുവിളിക്കാൻ ഡി.എം.കെയിലെ ചില വിഭാഗങ്ങളും എ.ഐ.എ.ഡി.എം.കെ മേധാവി എടപ്പാടി കെ. പളനിസ്വാമിയും ഒരു സഖ്യം രൂപീകരിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ 234 സീറ്റുകളിൽ 108 സീറ്റിൽ വിജയിച്ച ടി.വി.കെ, കോൺഗ്രസ്, വി.സി.കെ, സി.പി.എം, സി.പി.ഐ, ഐ.യു.എം.എൽ എന്നിവയുടെ പിന്തുണയോടെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം ഒഴിവാക്കുന്നതിനാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെയെ പിന്തുണക്കുന്നതെന്ന് സർക്കാരിനെ പുറത്തുനിന്ന് പിന്തുണച്ച കോൺഗ്രസ് ഇതര ഘടകകക്ഷികൾ അറിയിച്ചിരുന്നു. പിന്നീട് സഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ 25 വിമത എ.ഐ.എ.ഡി.എം.കെ എം.എൽ.എ.മാരും സർക്കാരിനെ പിന്തുണച്ചു.
ഷൺമുഖം വിമത വിഭാഗത്തെ നയിക്കുന്നത് അധികാരത്തിനുവേണ്ടിയല്ലെന്നും വിമതരുടെ അടുത്ത നടപടികൾ യഥാസമയം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കാൻ എം.എൽ.എ.മാർക്ക് അവകാശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.