ക്ഷയരോഗം, ചികിത്സിക്കാന്‍ ജാമ്യം വേണം; ലീന മരിയ പോളിന്റെ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടി ജാമ്യാപേക്ഷ സമർപ്പിച്ചത്. മൂന്നര വർഷമായി താൻ ജയിലിൽ ആണെന്നും ഹൈകോടതി തീരുമാനം എടുക്കുന്നത് വൈകിപ്പിക്കുകയാണെന്നും ലീന നൽകിയ ജാമ്യാപേക്ഷയിൽ പറയുന്നു.

തനിക്ക് ക്ഷയരോഗമാണെന്നും ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്നും നടി അഭ്യർഥിച്ചു. കേസുമായി ബന്ധപ്പെട്ട് ജാമ്യാപേക്ഷയില്‍ ഹൈകോടതിയില്‍ വാദം കേള്‍ക്കുന്ന സാഹചര്യത്തില്‍ ഇടപെടുന്നില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. വേഗത്തിൽ ഹരജി പരിഗണിക്കാൻ സുപ്രീംകോടതി ഹൈകോടതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മൂന്ന് വർഷം മുമ്പാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോളിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് അറസ്റ്റ്.

കാനറ ബാങ്കിന്‍റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു. സുകാഷിന്‍റെ ചെന്നൈയിലെ ബംഗ്ലാവില്‍ ഇ.ഡി നടത്തിയ റെയ്ഡില്‍ ആഡംബര കാറുകളും പണവും പിടിച്ചെടുത്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര എന്നീ മലയാള സിനിമകളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - Tuberculosis, bail required for treatment; Supreme Court rejects Leena Maria Paul's bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.