വാഷിങ്ടൺ: 14 രാജ്യങ്ങൾക്കെതിരെ തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യയുമായി വ്യാപാര കരാർ അരികെയെന്നറിയിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.കെയുമായും ചൈനയുമായും കരാറിലെത്തിക്കഴിഞ്ഞെന്നും ഇന്ത്യയുമായി വളരെ അടുത്താണെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരാഴ്ച നീണ്ട ചർച്ച വാഷിങ്ടണിൽ നടന്നിരുന്നു.
ജൂലൈ ഒമ്പതിനു മുമ്പ് കരാറിൽ ഒപ്പുവെക്കുമെന്ന് റിപ്പോർട്ടുകൾ വന്നത് സാധൂകരിച്ചാണ് ട്രംപിന്റെ പ്രസ്താവന. രാജ്യതാൽപര്യം പരിഗണിച്ച് യു.എസുമായി വ്യാപാര കരാറിന് ഇന്ത്യ ഒരുക്കമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. കാർഷിക മേഖല തുറന്നുനൽകണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
മറ്റു വിഷയങ്ങളിൽ വിട്ടുവീഴ്ചക്ക് തയാറാണ്. രാജ്യത്തിനു മേൽ ചുമത്തിയ എല്ലാ തീരുവയും എടുത്തുകളയണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 10 ശതമാനം അടിസ്ഥാന തീരുവയും അധികമായി 16 ശതമാനവുമടക്കം 26 ശതമാനമാകും ആഗസ്റ്റ് ഒന്നിന് പ്രാബല്യത്തിലാകുക.
വിവിധ രാജ്യങ്ങൾക്ക് വ്യത്യസ്ത തീരുവകളാണ് ട്രംപ് പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയക്കും ജപ്പാനും 25 ശതമാനം തീരുവ ചുമത്തിയപ്പോൾ മ്യാന്മർ, ലാവോസ് എന്നീ രാജ്യങ്ങൾക്ക് 40 ശതമാനമാണ് തീരുവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.