റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്ൻ ജയിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല, യുക്രെയ്ന്റെ കാര്യത്തിൽ സംശയമെന്ന് ട്രംപ്

വാഷിങ്ടൺ: റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്ന് ജയിക്കാനാവുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് യു.എസ് പ്രസിഡൻറ് ​ഡോണൾഡ് ട്രംപ്. യുക്രെയ്ന് വിജയിക്കാനാവുമെന്നാണ് താൻ കരുതുന്നതെങ്കിലും അത് സംഭവിക്കുമോ എന്ന് സംശയമാണെന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അടുത്തയാഴ്ച ഹംഗറിയിലെ ബുഡാപെസ്റ്റിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. ‘അവർക്കിപ്പോഴും ജയിക്കാനാവും. പക്ഷേ അവർ ജയിക്കുമെന്ന് ഞാൻ കരുതുന്നില്ല,’ - ട്രംപ് പറഞ്ഞു. തിങ്കളാഴ്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി കൂടിക്കാഴ്ചയാരംഭിക്കുന്നതിന് മുമ്പായി മാധ്യമങ്ങളെ കണ്ടാപ്പോഴായിരുന്നു ട്രംപിന്റെ പരാമർശം.

‘അവർ ജയിക്കുമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. അവർക്ക് കഴിയുമെന്ന് ഞാൻ പറഞ്ഞു. എന്തും സംഭവിക്കാം. യുദ്ധം വളരെ വിചിത്രമായ ഒരു കാര്യമാണെന്ന് നിങ്ങൾക്കറിയാം,’ -ട്രംപ് കൂട്ടിച്ചേർത്തു.

തന്റെ ദീർഘകാല നിലപാട് തിരുത്തിയ ട്രംപ് യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കേണ്ടിവരുമെന്നും റഷ്യക്ക് നഷ്ടപ്പെട്ട എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കാമെന്നും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച പുടിനുമായി നീണ്ട സംഭാഷണത്തിനും യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചക്കും പിന്നാലെ ഇരുരാജ്യങ്ങളോടും ‘നിലവിൽ എവിടെയെത്തിയോ അവിടെ’ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഹ്വാനം ചെയ്തിരുന്നു.

തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന യോഗത്തിൽ, യുക്രെയ്‌നിന്റെ കിഴക്കൻ ഡൊണെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് മേഖല മുഴുവനായും വിട്ടുകൊടുക്കണമെന്ന പുടിന്റെ ആവശ്യത്തിൽ മാറ്റമില്ലെന്ന് ട്രംപ് അറിയിച്ചതായി സെലെൻസ്‌കി പറഞ്ഞു. ദീർഘദൂര ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾക്കായുള്ള അഭ്യർത്ഥന നിരസിച്ചെങ്കിലും കൂടിക്കാഴ്ചയെ തികച്ചും പോസിറ്റീവായിരുന്നുവെന്നും സെലൻസ്കി പറഞ്ഞു.

നേരത്തെ, യുക്രെയ്നിന് ദീർഘദൂര ടോമാഹോക്ക് മിസൈലുകൾ നൽകിയേക്കുമെന്ന രീതിയിൽ പ്രതികരി​ച്ചെങ്കിലും പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ ട്രംപ് നിലപാട് മാറ്റുകയായിരുന്നു.

മരവിപ്പിച്ച റഷ്യൻ ആസ്തികളും നയതന്ത്ര പങ്കാളികളുടെ സഹായവും ഉപയോഗിച്ച് യു.എസ് സ്ഥാപനങ്ങളിൽ നിന്ന് 25 പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനാണ് യുക്രെയ്ൻ പദ്ധതിയിടുന്നത്. എന്നാൽ, ഉൽപാദനപരമായ ​പ്രക്രിയകളിലെ സങ്കീർണതകൾ കൊണ്ടുതന്നെ ഇവ ലഭിക്കാൻ സമയമെടുക്കുമെന്ന് സെലെൻസ്‌കി പറഞ്ഞു. യൂറോപ്യൻ പങ്കാളികളിൽ നിന്ന് കൂടുതൽ വേഗത്തിൽ അവ വാങ്ങുന്നതിനുള്ള സഹായത്തെക്കുറിച്ച് ട്രംപിനോട് സംസാരിച്ചതായും സെലൻസ്കി വെളിപ്പെടുത്തി.

തെക്കൻ തുറമുഖ നഗരമായ ഒഡെസയിൽ ഒരു എൽ.എൻ.ജി ടെർമിനൽ നിർമ്മിക്കുന്നത് ഉൾപ്പെടെ യുക്രെയ്‌നുമായുള്ള ഉഭയകക്ഷി വാതക പദ്ധതികളിൽ അമേരിക്കക്ക് താൽപ്പര്യമുണ്ടെന്ന് സെലെൻസ്‌കി പറഞ്ഞു. ആണവോർജം, ക്രൂഡ് ഓയിൽ എന്നിവയുമായി ബന്ധപ്പെട്ടവയാണ് മേഖലയിൽ യു.എസ് താത്പര്യമറിയിച്ചിട്ടുള്ള മറ്റ് പദ്ധതികൾ.

Tags:    
News Summary - Trump says he is doubtful Ukraine can win the war with Russia as he prepares for Putin meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.