ന്യൂഡൽഹി: ഫോട്ടോയില്ല, മൊബൈൽ നമ്പറില്ല, ഡിജിറ്റൽ അടയാളങ്ങൾ ഒന്നും തന്നെയില്ല. ആകെ അറിയുന്നത് പേര് മാത്രം... ഒടുവിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 72 കാരൻ 45വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിൽ. 1981ലെ കൊലപാതകശ്രമ കേസിൽ 72കാരനായ പോപ്പട്ട് ഗോവിന്ദ് വയ്ദണ്ഡെയെയാണ് ത്രോംബെ പൊലീസ് അറസ്റ്റ് ചെയ്തത്. സി.ആർ.പി.സി സെഷൻ 82 പ്രകാരം കോടതി അന്വേഷണ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് കേസിൽ വീണ്ടും പൊലീസ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ ഇയാൾ നിരവധി അക്രമ സംഭവങ്ങളിൽ പ്രതിയാണെന്നും 1981ൽ മുംബൈ വിട്ടതായും പൊലീസ് കണ്ടെത്തി. അന്ന് ബീഗം എന്ന സ്ത്രീയോടൊപ്പമാണ് അയാൾ താമസിച്ചിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ ഷെനോളി റെയിൽവേ സ്റ്റേഷന് സമീപത്തെ ഒരു പാലത്തിനടിയിലെ കുടിലിൽ താമസിക്കുന്ന 74കാരിയായ ബീഗത്തെ പൊലീസ് കണ്ടെത്തുകയായിരുന്നു. തെരുവ് നർത്തകിയായിരുന്ന ബീഗം, മദ്യപിച്ച ശേഷമുള്ള ഇയാളുടെ അക്രമം കാരണം വർഷങ്ങൾക്ക് മുമ്പുതന്നെ അയാളുമായി വേർപിരിഞ്ഞിരുന്നു. പ്രായാധിക്യം മൂലം മറ്റ് വിവരങ്ങളൊന്നും അവരിൽനിന്ന് ലഭിക്കുകയും ചെയ്തില്ല. എന്നാൽ, അയാൾ സാംഗ്ലി ജില്ലയിലേക്കാണ് താമസം മാറിയതെന്ന് അവരുടെ മകൾ പൊലീസിന് സൂചന നൽകി.
മഹാരാഷ്ട്രയിൽ ഗോവിന്ദ് വയ്ദണ്ഡെക്കെതിരെ ഒമ്പതിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഒന്നിലധികം വിവാഹങ്ങൾ ഇയാൾ കഴിച്ചിരുന്നു. മാത്രമല്ല, മദ്യപിച്ചതിന് ശേഷം മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു.
1981ലെ കേസ് രേഖകൾ വീണ്ടും പരിശോധിച്ചതോടെ ഗോവണ്ടിയിലെ പി.എൻ.ജി കോളനിയിൽ ഇയാൾക്ക് ഒരു സുഹൃത്തുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. എന്നാൽ, അയാൾ നേരത്തേതന്നെ മരണപ്പെട്ടിരുന്നു. അയാളുടെ കുടുംബാഗത്തിലൊരാൾ പ്രതി മറയായി ഉപയോഗിച്ചിരുന്ന ഒരു കുടുംബപ്പേര് പൊലീസിന് നൽകി. കൂടാതെ പ്രതിയുടെ രൂപസാദൃശ്യങ്ങളെക്കുറിച്ചുള്ള ഓർമകളും പൊലീസിനോട് പങ്കുവെച്ചു. ഇതോടെ കുടുംബാംഗം പറഞ്ഞ രൂപസാദൃശ്യമുള്ള ആളുകളെ സാംഗ്ലിയിൽ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
ആറുമാസത്തിൽ കൂടുതൽ ഒരിടത്ത് താമസിക്കാത്ത ‘മാമ’ എന്ന് പ്രദേശവാസികൾ വിളിക്കുന്ന ഒരാളെ പൊലീസ് ഇതോടെ തിരിച്ചറിഞ്ഞു. ഗ്യാരേജുകളിലും വയലുകളിലുമാണ് ജോലി ചെയ്തിരുന്നത്. ഇയാളുടെ രൂപസാദൃശ്യവും സ്വഭാവങ്ങളുമെല്ലാം ഗോവിന്ദ് വയ്ദണ്ഡെയുടേതിന് സമാനമായിരുന്നു. സൂചനകളെ തുടർന്ന് കഡെഗാവ് താലൂക്കിലെ അംബേഗാവിൽ പൊലീസ് എത്തിയപ്പോൾ വയലിലെ ജോലിക്ക് ശേഷം വിശ്രമിക്കുകയായിരുന്നു പ്രതി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വോട്ടർ ഐ.ഡി കാർഡ് കണ്ടെത്തി. പ്രതിയെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഉടൻതന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.