ഹിന്ദു കുടിയേറ്റക്കാരായ മതുവകൾക്കും ഭീഷണി; എസ്‌.ഐ.ആറിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് തൃണമൂൽ എം.പി മമതാബാല താക്കൂർ

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു വിഭാഗത്തിൽ​​പ്പെട്ട കുടിയേറ്റക്കാരായ മതുവകളുടെ രാഷ്ട്രീയ-പൗരവാകാശത്തിന് എസ്.ഐ.ആർ ഗുരുതര ഭീഷണി ഉയർത്തുന്നുവെന്നും അത് ഉടൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യാ മതുവ മഹാസംഘ് പ്രസിഡന്റും തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പിയുമായ മമതാബാല താക്കൂർ നിരാഹാര സമരം നടത്താനൊരുങ്ങുന്നു. നവംബർ 5 മുതൽ നിരാഹാര സമരം തുടങ്ങാൻ ശനിയാഴ്ച താക്കൂർനഗറിൽ നടന്ന മഹാസംഘിലെ തൃണമൂൽ അനുകൂല വിഭാഗത്തിന്റെ യോഗത്തിലാണ് തീരുമാനം. എസ്‌.ഐ‌.ആർ പ്രക്രിയ മാതുവ വോട്ടർമാരെ വലിയ തോതിൽ ഒഴിവാക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് സംഘടന ആരോപിച്ചു. ഇത് സമൂഹം പൊറുക്കില്ല എന്നും അവർ പറഞ്ഞു.

ഹിന്ദു അഭയാർത്ഥികളുടെ ഒരു സമൂഹമാണ് മതുവ. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലായി നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, നാദിയ തുടങ്ങിയ ജില്ലകളിലായി 40തോളം നിയമസഭാ സീറ്റുകളിൽ ശക്തമായ സാന്നിധ്യമുള്ളവരാണ് ഇവർ. ഈ വിഭാഗത്തിൽനിന്നുള്ള ഭൂരിഭാഗം പേരും സമീപ വർഷങ്ങളിൽ ബി.ജെ.പിയെ പിന്തുണച്ചവരാണ്.

നിലവിലെ വോട്ടർ പട്ടികയിലെ 55 ശതമാനം വോട്ടർമാരുടെ പേരുകൾ  2002ലെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ബോംഗോൺ ഉപവിഭാഗത്തിൽപെട്ട ഇവരുടെ പ്രാരംഭ മാപ്പിങ് സൂചിപ്പിക്കുന്നത്. 2002ലെ പട്ടികയിൽ ഇവരുടെ മാതാപിതാക്കളുടെ പേരുകൾ ഇല്ലാത്തതിനാൽ വോട്ടർമാരായി മാപ്പ് ചെയ്യപ്പെടില്ലെന്ന് അവർ ഭയക്കുന്നു.

ശനിയാഴ്ചത്തെ യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ മമതാബാല എസ്‌.ഐ.ആർ പ്രക്രിയക്കെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ‘ബൂത്ത് ലെവൽ മാപ്പിംഗ് സൂചിപ്പിക്കുന്നത് എസ്‌.ഐ.ആർ കാരണം ഞങ്ങളുടെ സമുദായ അംഗങ്ങളിൽ വലിയൊരു വിഭാഗം വോട്ടർ പട്ടികയിൽ നിന്ന് പുറത്താകാൻ സാധ്യതയുണ്ടെന്നാണ്. എസ്‌.ഐ.ആർ ഞങ്ങളുടെ വോട്ടവകാശം കവർന്നെടുത്തും ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ ഞങ്ങളുടെ ഐഡന്റിറ്റിയിൽ സംശയം ഉന്നയിച്ചും ഞങ്ങളെ പ്രതിസന്ധിയിലാക്കി. മതുവകളുടെയും മറ്റുള്ളവരുടെയും ജീവിതവും അവകാശങ്ങളും സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’ -തൃണമൂൽ എം.പി പറഞ്ഞു.

താക്കൂറിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ മതുവാ മഹാസംഘത്തിന്റെ തൃണമൂൽ അനുകൂല വിഭാഗത്തിലെ സ്രോതസ്സുകൾ അവകാശപ്പെട്ടത് നിലവിലുള്ള പട്ടികയിലുള്ള ഏകദേശം 60ശതമാനം വോട്ടർമാർക്ക് എസ്‌.ഐ.ആർ പ്രകാരം വോട്ടെടുപ്പ് നഷ്ടപ്പെടുമെന്നാണ്. 2000നു ശേഷം ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ മതുവാ സമുദായങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ കൂടുതലും.

എസ്‌.ഐ.ആർ മതുവകൾ പോലുള്ള പിന്നാക്ക സമുദായങ്ങളുടെയും മറ്റ് അധഃസ്ഥിത വിഭാഗങ്ങളുടെയും വോട്ടവകാശം കവർന്നെടുക്കും. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ ഇപ്പോൾ സംഘടിത ഗൂഢാലോചനയിലൂടെ കവർന്നെടുക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് എസ്‌.ഐ.ആർ ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ മരണം വരെ നിരാഹാരം ആരംഭിക്കാൻ തീരുമാനിച്ചുവെന്നും മമതാബാല പറഞ്ഞു.

വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വോട്ടവകാശം വിനിയോഗിച്ചതുമായ ഒരു വോട്ടറെയും പട്ടികയിൽ നിന്ന് നീക്കം ചെയ്യരുതെന്നും, 2019ലെ പൗരത്വ നിയമത്തിലൂടെ പൗരത്വം ഉറപ്പാക്കുന്നതിന് വോട്ടർമാർ ബംഗ്ലാദേശുമായുള്ള അവരുടെ പൂർവ്വിക ബന്ധം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന നിബന്ധന പിൻവലിക്കണമെന്നും അതിൽ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി ശാന്തനു താക്കൂറിന്റെ നേതൃത്വത്തിലുള്ള ‘അഖിലേന്ത്യാ മതുവ മഹാസംഘ’ത്തിന്റെ ബി.ജെ.പി അനുകൂല വിഭാഗം ജനറൽ സെക്രട്ടറി സുഖേന്ദു ഗയേൻ, നിരാഹാര സമരം പ്രഖ്യാപിച്ച മമതബാല ജനപ്രിയയല്ലെന്ന് ആരോപിച്ചു. ‘ആളുകൾ മമതബാല താക്കൂറിനൊപ്പമില്ല. എസ്‌.ഐ.ആർ കാരണം ചില മതുവ വോട്ടർമാരെ ഒഴിവാക്കിയേക്കാം എന്നത് ശരിയാണ്. അതിനാലാണ് സി.എ.എ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാൻ ഞങ്ങൾ എല്ലാവരോടും ഉപദേശിച്ചതെന്നും ഗയേൻ പറഞ്ഞു.

Tags:    
News Summary - Serious threat to Hindu immigrants Mathuva; Trinamool MP Mamata Bala Thakur announces hunger strike against SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.