മമതയുടെ ​ജനപ്രീതിയിൽ മാത്രം ജയിച്ചവർ, ബി.ജെ.പിയെ നേരിടാൻ ശക്തിയില്ലാത്ത ഒന്നിനും കൊള്ളാത്തവർ -തൃണമൂൽ വിമതർക്കെതിരെ മഹുവ മൊയ്ത്ര

​കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി എം.പി മഹുവ മൊയ്ത്ര. മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വവും ജനപ്രീതിയും ആശ്രയിച്ചാണ് ഇവർ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും പ്രതിപക്ഷ ബെഞ്ചുകളിൽ നിന്ന് ബി.ജെ.പിയെ നേരിടാൻ കഴിയാത്ത പൂർണ്ണമായും ഉപയോഗശൂന്യരായ നേതാക്കളാണ് അവരെന്നും മഹുവ പറഞ്ഞു. തൃണമൂലിന്റെ വിമത വിഭാഗം മേൽക്കൈ അവകാശപ്പെടുകയും ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി ​തിരഞ്ഞെടുക്കുകയും ചെയ്തതിനും പിന്നാലെയായിരുന്നു മഹുവ​യുടെ പ്രതികരണം.

ബി.ജെ.പിയാണ് വിഭജനത്തിന് പിന്നിലെന്നും അവർ ആരോപിച്ചു. വിമത നിയമസഭാംഗങ്ങളെ അറസ്റ്റ് ചെയ്യുമെന്നും കേന്ദ്ര ഏജൻസി നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി ക്യാമ്പുകൾ മാറാൻ ബി.ജെ.പി സമ്മർദം ചെലുത്തി. എം.എൽ.എ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതർ വർഷങ്ങളോളം അധികാരത്തിലിരുന്നിട്ടും പ്രതിപക്ഷത്ത് തുടരാൻ തയാറല്ലെന്നും പകരം അവർ സുരക്ഷിത മാർഗം തേടിയെന്നും മഹുവ മൊയ്ത്ര ആരോപിച്ചു.

‘പൂർണമായും ഉപയോഗ ശൂന്യരായ, മമത ദീദിയുടെ വ്യക്തിപ്രഭാവത്തിൽ ജയിച്ചുവന്ന്, പാർട്ടിയെ മുതലെടുത്ത ആളുകൾ. ദയവായി നിങ്ങൾ സ്വയം മുന്നോട്ടുപോകൂ. എന്നാൽ, നിങ്ങളെ തൃണമൂൽ കോൺഗ്രസ് എന്നു മാത്രം വിളിക്കരുത്’ -മഹുവ പറഞ്ഞു. നിലവിൽ സംഭവിക്കുന്നതെന്താണെന്ന് നമ്മൾ മനസിലാക്കണം. ബി.ജെ.പി പ്രതിപക്ഷ നേതാക്കളെ പോലും തെരഞ്ഞെടുക്കാൻ തുടങ്ങിയിരിക്കുന്നു. പാർട്ടികൾ പിളരുന്നതിൽ മാത്രം തൃപ്തരാകാതെ, അവർ വിജയിച്ച സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളെ പോലും തങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പാക്കുന്നുവെന്നും മഹുവ പറഞ്ഞു.

നിയമസഭാംഗങ്ങളെ പിളർത്താനുള്ള ഓപ്പറേഷൻ ബി.ജെ.പി ആസൂത്രണം ചെയ്തു. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായ നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് ഓരോ എം.എൽ.എമാരുടെയും ബലഹീനതകൾ അറിയാമെന്നും അവരെ വ്യക്തിപരമായി ലക്ഷ്യംവെച്ചുവെന്നും മഹുവ ആരോപിച്ചു. കൂറുമാറിയവരിൽ പലരും അധികാരത്തിൽ തുടരാൻ ശീലിച്ചുപോയെന്നും ഇനി പ്രതിപക്ഷ പാർട്ടിയായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മഹുവ മൊയ്ത്ര പറഞ്ഞു.

പാർട്ടി പിളരുകയാണെന്ന വിലയിരുത്തലുകൾ തള്ളിക്കളഞ്ഞ മഹുവ, മമത ബാനർജിയും അവരുടെ നേതൃത്വസംഘവുമാണ് തൃണമൂൽ കോൺഗ്രസിന്റെ യഥാർഥ ശക്തിയെന്നും വ്യക്തമാക്കി. വ്യക്തിപരമായ രാഷ്ട്രീയ താൽപര്യങ്ങൾക്കായി പാർട്ടി വിട്ടുപോകുന്നവരെ ജനങ്ങൾ തിരിച്ചറിയുമെന്നും അവർ പറഞ്ഞു.

മമത ബാനർജിക്ക് പകരം ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെയാണ് തങ്ങളുടെ കലാപം എന്ന വിമത ക്യാമ്പിന്റെ വാദത്തിനെയും മഹുവ തള്ളി. ആഴ്ചകൾക്കുമുമ്പ് എന്തുകൊണ്ടാണ് ഈ എം.എൽ.എമാർ ടി.എം.സി ടിക്കറ്റിൽ മത്സരിച്ചതെന്നും അഭിഷേക് ബാനർജിക്കെതിരെ രംഗത്ത് വരാതിരുന്നതെന്നും അവർ ചോദിച്ചു. കൂടാതെ ​അഭിഷേക് ഒരു ശക്തനായ മനുഷ്യനാണെന്നും വിട്ടുവീഴ്ച ചെയ്യാതിരിക്കുക എന്നതാണ് അഭിഷേക് ബാനർജിയുടെ ഡി.എൻ.എയെന്നും അവർ കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂലിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരുന്നു. പുറത്താക്കപ്പെട്ട നേതാവ് ഋതബ്രത ബാനർജിയെ പിന്തുണച്ച് നിരവധി എം.എൽ.എമാർ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി കൂടുതൽ വഷളായത്. വിമത വിഭാഗം മേൽക്കൈ അവകാശപ്പെടുകയും ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി ​തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, പാർട്ടിയുടെ വിവിധ സമിതികളും പോഷകസംഘടനകളും പിരിച്ചുവിട്ട് സംഘടനാപരമായ പുനഃസംഘടനക്ക് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സംഘം തുടക്കമിട്ടിട്ടുണ്ട്. പാർട്ടിയിലെ അസ്വസ്ഥതകൾ പരിഹരിച്ച് സംഘടനയെ പുനർനിർമിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

Tags:    
News Summary - Trinamool Congress Mahua Moitra rips into completely useless rebel MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.