തൃണമൂലും കമീഷനും തുറന്ന ഏറ്റുമുട്ടലിലേക്ക്; കോൺഗ്രസിനും എസ്.പിക്കും എസ്.ഐ.ആറിൽ ജാഗ്രതയില്ലെന്ന്

ന്യൂഡൽഹി: എസ്.ഐ.ആറിലെ പ്രശ്നങ്ങളുന്നയിച്ച് പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പത്തംഗ പ്രതിനിധി സംഘം മുഖ്യ തെര​ഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ, രണ്ട് കേന്ദ്ര കമീഷണർമാർ എന്നിവരെ ന്യൂഡൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത് വന്ന് കണ്ടിട്ടും ഫലമില്ല.

തൃണമുൽ ഉന്നയിച്ച സുപ്രധാന വിഷയങ്ങൾക്ക് തങ്ങളുടെ പക്കൽ പരിഹാരമില്ലെന്ന നിലപാട് കമീഷൻ എടുത്തതോടെ ഇരുകൂട്ടരും തമ്മിലുള്ള കനത്ത ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. കോൺഗ്രസും എസ്.പിയും അടക്കമുള്ള മറ്റു പ്രതിപക്ഷ പാർട്ടികളൊന്നും എസ്.ഐ.ആറിൽ ജാഗ്രത കാണിക്കുന്നില്ലെന്നും വോട്ടുചോരി നടക്കുന്നത് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തും വോട്ടർപട്ടികയിലുമാണെന്നും കമീഷനുമായുള്ള കൂടിക്കാഴ്ചക്കുശേഷം അഭിഷേക് ബാനർജി ഓർമിപ്പിച്ചു.

‘എന്യൂമറേഷൻ ഫോം നൽകിയ ഒന്നരക്കോടി പേരെ ​വെട്ടിനീക്കും’

എന്യൂമറേഷൻ ഫോമുകളിൽ പൊരുത്ത​ക്കേടുകൾ കണ്ടെത്തിയ 1.36 കോടി വോട്ടർമാരുടെ മുഴുവൻ പട്ടികയും കമീഷൻ പുറത്തിറക്കണമെന്ന് അഭിഷേക് ഒരാഴ്ച മുമ്പ് ആവശ്യപ്പെട്ടിരുന്നതായിരുന്നു. രണ്ടുകോടി പേരെ വെട്ടിമാറ്റുമെന്ന ബി.ജെ.പി പ്രഖ്യാപനം നിറവേറ്റുന്നതിനാണ് ഏകദേശം അരക്കോടി പേരെ വെട്ടിമാറ്റിയ ശേഷം പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ് ഒന്നരക്കോടി പേരെ കൂടി നീക്കം ​ചെയ്യാൻ നോക്കുന്നതെന്നാണ് അഭിഷേക് പറഞ്ഞത്. കമീഷൻ ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലും പത്തംഗ സംഘം ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഹിയറിങ്ങിനായി നോട്ടീസ് അയച്ചവരുടെ പട്ടിക നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമീഷൻ.

ബി.എൽ.ഒ ശരി​വെച്ച ഫോമുകളിൽ ഹിയറിങ്ങിന് നോട്ടീസാകുന്ന വിദ്യ

ബൂത്ത് തല ഓഫിസർ അപേക്ഷ ശരിയാണെന്ന് ക്ലിക്ക് ചെയ്യുമ്പോഴും ഹിയറിങ്ങിനുള്ള നോട്ടീസ് ഓട്ടോമാറ്റിക്കലി ജനറേറ്റഡ് ആകുകയാണെന്നാണ് തൃണമൂൽ കോൺഗ്രസ് ​പ്രതിനിധി സംഘത്തെ നയിച്ച അഭിഷേക് ബാനർജി തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ വെച്ച പ്രധാന പരാതി. ബി.എൽ.ഒ ഒരാളുടെ പേരിൽ ക്ലിക്ക് ചെയ്യുമ്പോൾ, നാല് ഡ്രോപ് ഡൗണുകളാണ് വരികയെന്ന് അഭിഷേക് ചൂണ്ടിക്കാട്ടി.

1- ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ (ഡി.ഇ.ഒ)ക്ക് അയക്കുക, 2- ഹിയറിങ്ങിനുള്ള നോട്ടീസ് അയക്കുക, 3- അപേക്ഷ ശരിയാണ്, 4- വോട്ടറാകാൻ യോഗ്യതയില്ല എന്നിവയാണവ. എന്നിട്ട് ബൂത്ത് തല ഓഫിസർ പരിശോധനയിൽ ശരിയാണെന്ന് കണ്ടെത്തിയതായി ആപ്പിൽ ക്ലിക്ക് ചെയ്തിട്ടും നോട്ടീസ് നൽകുന്നത് എങ്ങനെയെന്നും ആ​രാണെന്നുമാണ് തൃണമൂലിന്റെ ചോദ്യം. ബി.എൽ.ഒ പോലും അറിയാതെ താനേ ഹിയറിങ്ങിനുള്ള നോട്ടീസ് ഉണ്ടാകുന്ന തരത്തിലുള്ള ഒരു സാ​ങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നാണ് തൃണമുൽ ആരോപിക്കുന്നത്.

പശ്ചിമ ബംഗാൾ സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ അസോസി​യേഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർക്ക് നേരിൽ സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാണിച്ച വിഷയമാണിത്. എന്നാൽ, ഇത്തരമൊരു പ്രശ്നമേ ഇല്ലെന്ന് അടച്ച് നിഷേധിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ ചെയ്തത്.

ഹിയറിങ്ങിൽ ബി.എൽ.എമാരെകയറ്റില്ലെന്നതിലുറച്ച് കമീഷൻ

ഇങ്ങനെ എസ്.ഐ.ആർ അപേക്ഷയിലെ പൊരുത്തക്കേടുകൾ പരിശോധിക്കുന്നതിന് വോട്ടർമാരെ വിളിച്ചുവരുത്തുന്ന ഹിയറിങ് സെന്ററുകളിൽ ബി.എൽ.ഒമാർക്ക് പുറമെ, എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് നൽകാൻ സഹായിച്ച വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബി.എൽ.എ(ബൂത്ത് തല ഏജന്റ്) മാർക്ക് കൂടി പ്രവേശനം നൽകണമെന്നാണ് കമീഷനോട് ഉന്നയിച്ച ഒരാവശ്യം.

എന്നാൽ, അത് അനുവദിക്കില്ലെന്നും ഓരോ ഹിയറിങ്ങിനും എട്ടും പത്തും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഹിയറിങ് സെന്ററുകളിൽ ഇരുത്തുക പ്രയോഗികമല്ലെന്നാണ് കമീഷന്റെ വാദം. ഇ​തിനെ തുടർന്ന് അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒരു യഥാർഥ വോട്ടറെയും ഒഴിവാക്കില്ലെന്ന് ഉറപ്പാക്കാൻ ഹിയറിങ് സെന്ററുകൾക്ക് പുറത്ത് ക്യാമ്പ് ചെയ്യാൻ മുഖ്യമന്ത്രി മമതാ ബാനർജി തൃണമൂൽ പ്രവർത്തകർക്ക് നിർദേശം നൽകിയിരിക്കുകയാണ്.

വോട്ടുചോരി യന്ത്രത്തിലല്ല, വോട്ടർപട്ടികയിൽ

എസ്.ഐ.ആർ പ്രക്രിയയിൽ ജാഗ്രത പാലിക്കാനും പ്രതിപക്ഷ പാർട്ടികളോട് അഭിഷേക് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടുചോരിയെ തുറന്നുകാട്ടിയെന്നും എന്നാൽ, ​ആ വോട്ടുചോരി വോട്ടിങ് മെഷീനിലല്ല, വോട്ടർ പട്ടികയിലാണ് നടക്കുന്നതെന്നും അഭിഷേക് പറഞ്ഞു. വോട്ടുയന്ത്രം പിന്നീടും പരിശോധിക്കാം. എന്നാൽ, കരട് വോട്ടർ പട്ടികയിൽ നിന്ന് ബംഗാളിലെ 58 ലക്ഷം വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാൻ അവർ ഏത് സോഫ്റ്റ് വെയറും ഏത് അൽഗോരിതവുമാണ് ഉപയോഗിച്ചതെന്ന് പ്രതിപക്ഷം എങ്ങനെ അറിയുമെന്ന് അഭിഷേക് ചോദിച്ചു.

Tags:    
News Summary - trinamool and election fight on SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.