ലഖ്നോ: മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്താൻ ഭക്തർ ഒഴുകിയെത്തിയതോടെ പ്രയാഗ് രാജിൽ ഞായറാഴ്ച പുലർച്ച 25 കിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചു. മഹാകുംഭമേള അവസാനിക്കുന്നതിന് മുമ്പുള്ള ഞായറാഴ്ച ആയതിനാൽ തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മുഗൾസരായ്യിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജങ്ഷനിലും സമാനമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. ബിഹാർ, ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഒരു പ്രധാന കവാടമാണ് ഈ റെയിൽവേ സ്റ്റേഷൻ. അതിനാൽ തന്നെ വന്‍ ജനാവലിയാണ് ഉണ്ടായിരുന്നത്.
ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക് ഉൾപ്പെടെ 73 രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് പുണ്യസംഗമത്തിന് എത്തിയത്. ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യുന്നത് ജീവിതത്തിലെ വലിയ ഭാഗ്യമായി കണ്ടാണ് ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുന്നത്.
ജനുവരി 13 ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26 മഹാശിവരാത്രി ദിനത്തിൽ അവസാനിക്കും. കുംഭമേള അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, പ്രതിദിനം ഒരു കോടിയോളം ഭക്തരാണ് പുണ്യസ്നാനത്തിനായി എത്തുന്നത്. ഇതുവരെ ഏകദേശം 60 കോടി ഭക്തർ പങ്കെടുത്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്.
ശിവരാത്രി ദിവസത്തെ അവസാന അമൃത് സ്നാനം കഴിയുമ്പോഴേക്കും 65 കോടി ആയി ഉയരും. ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തത് ഈ വർഷത്തെ മഹാ കുംഭമേളയിലാണ്. മൗനി അമാവാസിയിൽ ഏകദേശം എട്ടു കോടി ഭക്തരാണ് പുണ്യസ്നാനത്തിനായി എത്തിയത്. ഫെബ്രുവരി 26 ന് ഭക്തർക്ക് തടസ്സങ്ങൾ കൂടാതെ പ്രയാഗ്‌രാജിലേക്ക് എത്തുന്നതിനായുള്ള ഒരുക്കങ്ങൾ ശക്തമാക്കിയതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.