ട്രെയിനുകൾ വൈകി; പട്‌ലിപുത്ര റെയിൽവേ സ്റ്റേഷനിൽ ബിഹാർ പൊലീസ് പരീക്ഷാർഥികളുടെ പ്രതിഷേധം

പട്ണ: ബിഹാറിലെ പട്‍ലിപുത്ര റെയിൽവേ സ്റ്റേഷനിൽ ഉദ്യോഗാർഥികളുടെ വൻ പ്രതി​ഷേധം. ട്രെയിൻ സർവിസുകൾ വൈകിയതിനെ തുടർന്നാണ് ഞായറാഴ്ച വൻ പ്രതിഷേധം അരങ്ങേറിയത്.

ബിഹാർ പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷ എഴുതുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾ പ്രതിഷേധവുമായി ​റെയിൽവേ പാളങ്ങളിൽ ഇറങ്ങി. ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയതാണ് പ്രതിഷേധത്തിന് കാരണം.

ഉദ്യോഗാർഥിക​ൾ റെയിൽവേ പാളങ്ങളിൽ ഇറങ്ങി പ്രതിഷേധിച്ചതോടെ നിരവധി ട്രെയിൻ സർവീസുകൾ തടസപ്പെടുകയും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരികയും ചെയ്തു. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സമയത്ത് എത്താൻ കഴിയില്ലെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധക്കാർ പാളങ്ങൾ ഉപരോധിച്ചതോടെ സ്റ്റേഷനിലെയും സമീപ റൂട്ടുകളിലെയും ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. വിദ്യാർഥികൾ മുദ്രാവാക്യങ്ങൾ മുഴക്കി പാളങ്ങളിൽ ഇറങ്ങുകയും പരീക്ഷാ ​കേന്ദ്രങ്ങളിൽ സമയത്തിന് എത്താൻ അടിയന്തര ക്രമീകരണങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

നിരവധി ട്രെയിനുകൾ രാത്രി വൈകിയും മണിക്കൂ​റുകളോളം വിവിധ സ്റ്റേഷനുകളിൽ കുടുങ്ങിയതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ റെയിൽവേയും ഭരണകൂടവും ഇടപെട്ടു. തുടർന്ന് ഡാനാപൂർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ്, അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട്, മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തുകയും ക്രമസമാധാന നില പുനസ്ഥാപിക്കുന്നതിനായി ഉദ്യോഗാർഥികളുമായി ചർച്ച നടത്തുകയും ചെയ്തു.

തുടർന്ന് ഉദ്യോഗാർഥികൾക്കായി പ്രത്യേക ട്രെയിൻ സർവിസുകൾ ഏർപ്പെടുത്തുകയും വിവിധ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതായി ബദൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വിദ്യാർഥികൾ ഉപരോധം അവസാനിപ്പിച്ചത്. തുടർന്ന് ട്രെയിൻ സർവിസുകൾ പുനസ്ഥാപിച്ചു.

ബിഹാറിലും ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സർക്കാർ ജോലി പരീക്ഷകളുമായി ബന്ധപ്പെട്ട് വൻതോതിൽ ഉദ്യോഗാർഥികൾ റെയിൽവേ സംവിധാനത്തിനെയാണ് ആശ്രയിക്കുന്നത്. ​ട്രെയിനുകൾ വൈകി ഓടുന്നതോടെ ഉദ്യോഗാർഥികൾക്ക് കൃത്യസമയത്തിന് പരീക്ഷാകേന്ദ്രങ്ങളിൽ എത്തി​ച്ചേരാൻ കഴിയാതെ വരുന്നത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കാറുണ്ട്. 

Tags:    
News Summary - Tracks blocked trains halted as students protest at Bihars Patliputra station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.