ന്യൂഡൽഹി: പോഡ്കാസ്റ്റിനിടെയുണ്ടായ അശ്ലീല പരാമർശത്തെ തുടർന്ന് വിവാദത്തിലായ യൂട്യൂബർ രൺവീർ അലഹബാദിയക്ക് യൂട്യൂബ് ഷോകൾ പുനരാരംഭിക്കാൻ സുപ്രീംകോടതി അനുമതി.
അലഹബാദിയയുടെ പോഡ്കാസ്റ്റ് റദ്ദാക്കണമെന്ന പ്രോസിക്യൂഡൻ അപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നടപടി. തന്റെ ആകെയുള്ള ഉപജീവനമാർഗമാണ് ഷോ എന്ന് കാണിച്ച് അലഹബാദിയ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. അതിനിടെ ഷോ പുനരാരംഭിക്കാൻ ഒരു വ്യവസ്ഥയും കോടതി മുന്നോട്ട് വെച്ചു. ഏത് പ്രായത്തിലുള്ളവർക്കും കാണാൻ കഴിയുന്ന രീതിയിൽ ഷോയിൽ ധാർമികതയുടെ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകണമെന്നാണ് അലഹബാദിയയോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. സംസാര സ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്നും മോശം ഭാഷ ഉപയോഗിക്കുന്നത് നർമമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യൂട്യൂബ് ഷോ ആയ ‘ഇന്ത്യാസ് ഗോട്ട് ടാലന്റിൽ’ രൺവീർ അലാബാദിയ നടത്തിയ അശ്ലീല പരാമർശമാണ് വിവാദമായത്. ഷോയ്ക്കിടെ ഒരു മത്സരാർഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ചുള്ള ചോദ്യം രൺവീർ ചോദിച്ചിരുന്നു. പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനങ്ങൾ ഉയരുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതാരകനെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. സംഭവം വിവാദമാവുകയും നിയമനടപടി നേരിടുകയും ചെയ്തതിന് പിന്നാലെ മാപ്പ് പറഞ്ഞ രൺവീർ അലഹാബാദിയ രംഗത്തെത്തിയിരുന്നു. വിവാദമായതോടെ ഷോ നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.