തക്കാളി വിലക്കയറ്റത്തിനെതിരെ വാരണാസി ലങ്കയിൽ പച്ചക്കകറിക്കടക്ക് മുന്നിൽ സുരക്ഷാ ജീവനക്കാരെ വിന്യസിച്ച് നടത്തിയ പ്രതിഷേധം

തക്കാളിക്കടക്ക് സുരക്ഷാ ജീവനക്കാരെ നിയോഗിച്ച് പ്രതിഷേധം: യു.പിയിൽ കടയുടമയും മകനും അറസ്റ്റിൽ

വാരാണസി: കുതിച്ചുയരുന്ന തക്കാളി വിലക്കെതിരെ വേറിട്ട പ്രതിഷേധം നടത്തിയതിന് കടയുടമയെയും മകനെയും പരിപാടി സംഘടിപ്പിച്ച സമാജ്‍വാദി പാർട്ടി പ്രവർത്തകനെയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കിലോക്ക് 150 രൂപയോളമായ തക്കാളിയെ ‘സംരക്ഷിക്കാൻ’ രണ്ട് സുരക്ഷാ ഗാർഡുകളെ നിയോഗിച്ചാണ് അജയ് ഫൗജി എന്ന സമാജ് വാദി പ്രവർത്തകൻ പ്രതിഷേധം സംഘടിപ്പിച്ചത്. ഞായറാഴ്ച വാരണാസിയിലെ ലങ്കാ എന്ന സ്ഥലത്ത് ഒരു പച്ചക്കറി കച്ചവടക്കാരന്റെ കടയിലായിരുന്നു സംഭവം. തക്കാളി വിലയെക്കുറിച്ച് വിലപേശുമ്പോൾ വാങ്ങുന്നവർ അക്രമാസക്തരാകുന്നത് തടയാനാണ് ബൗൺസർമാരെ നിയോഗിച്ചതെന്ന് ഫൗജി പറഞ്ഞു.

എന്നാൽ, ​​പ്രതിഷേധത്തിന് മാധ്യമങ്ങൾ നല്ല കവറേജ് നൽകുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തതോടെ ഉത്തർപ്രദേശ് പൊലീസ് രംഗത്തെത്തി. കടയുടമ രാജ് നാരായണനെയും മകനെയും കസ്റ്റഡിയിലെടുത്തു. പ്രതിഷേധം സംഘടിപ്പിച്ച അജയ് ഫൗജിയും രണ്ട് സുരക്ഷ ജീവനക്കാരും ഒളിവിലാണ്. ഇവർക്കെതിരെ ഇരുവിഭാഗങ്ങൾ തമ്മിൽ ശത്രുത സൃഷ്ടിക്കാൻ ശ്രമിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 153A, 295, 505(2) വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

ഒരു പൊലീസുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിർഗോവർധൻപൂർ സ്വദേശിയായ അജയ് ഫൗജിക്കെതിരെയും പച്ചക്കറി വിൽപനക്കാരൻ രാജ് നാരായണൻ, മകൻ എന്നിവർക്കെതിരെ ലങ്കാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. 500 രൂപക്ക് പുറമെ നിന്ന് വാങ്ങിയ തക്കാളിയുമായി തന്റെ പച്ചക്കറി കടയിൽ എത്തിയ ഫൗജി, കടയിൽ ഇരുന്ന് പ്രതിഷേധ സൂചകമായി തക്കാളി വിൽപന നടത്തുകയായിരുന്നുവെന്ന് രാജ് നാരായണൻ പറഞ്ഞു. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതുമുതൽ കഴിഞ്ഞ ഒമ്പത് വർഷമായി അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിനെ കുറിച്ച് പ്ലക്കാർഡും കടയിൽ സ്ഥാപിച്ചിരുന്നു.

എസമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവടക്കം ഫൗജിയുടെ വ്യത്യസ്ത പ്രതിഷേധം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. "ബിജെപി തക്കാളിക്ക് ഇസഡ് പ്ലസ് സുരക്ഷ നൽകണം" എന്ന കുറിപ്പോടെയാണ് അഖിലേഷ് ചിത്രം ട്വീറ്റ് ചെയ്തത്.

Tags:    
News Summary - Vendor arrested after SP worker deploys bouncers to 'guard' tomatoes in Varanasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.