23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; മധ്യപ്രദേശിൽ കുഴൽക്കിണറിൽവീണ രണ്ടരവയസ്സുകാരൻ മരിച്ചു

ഭോപാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽവീണ രണ്ടരവയസ്സുകാരൻ മരിച്ചു. 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം വെള്ളിയാഴ്ച വൈകിട്ടോടെ പുറത്തെടുത്ത കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാജസ്ഥാനിലെ പാലി ജില്ലയിലെ ഗുഡൻല ഗ്രാമത്തിലെ ആട്ടിടയനായ പ്രവീൺ ദേവസിയുടെ മകനായ ഭാഗീരഥാണ് മരിച്ചത്.

രാജസ്ഥാനിലെ പാലിയിൽ നിന്നും അഞ്ച് ദിവസം മുൻപാണ് പ്രവീൺ ദേവസിയും കുടുംബവും ആടുമേയ്ക്കാനായി ഉജ്ജയിനിൽ എത്തിയത്. മാതാപിതാക്കളോടൊപ്പം വയലിൽ നിൽക്കുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന ഭാഗീരഥ് തുറന്നുകിടക്കുകയായിരുന്ന കുഴൽക്കിണറിൽ വീഴുകയായിരുന്നു.

ജലാരിയ ഗ്രാമത്തിലെ കുഴൽക്കിണറിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ഭാഗീരഥ് വീഴുന്നത്. തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ നിരവധിപേർ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. കുഴൽക്കിണറിൽ സ്ഥാപിച്ച കാമറയിലൂടെ കുട്ടിയെ നിരീക്ഷിച്ചിരുന്നു. കൂടാതെ ഓക്സിജൻ നൽകുകയും ചെയ്തിരുന്നു. പാറകൾ നിറഞ്ഞ സ്ഥലമായതിനാൽ രക്ഷാപ്രവർത്തനം വൈകി. 23 മണിക്കൂറിന് ശേഷം പുറത്തെടുത്ത കുട്ടിയെ ഉടൻതന്നെ ആംബുലൻസിൽ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ഉജ്ജൈൻ കലക്ടർ റോഷൻ കുമാർ സിങ് പറഞ്ഞു. പരിശോധനയിൽ കുട്ടിയുടെ മരണം സ്ഥീരീകരിച്ചതായി ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസർ ഡോ. സുയാഷ് ശ്രീവാസ്തവ കൂട്ടിച്ചേർത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കുടുംബത്തിന് കൈമാറും.

60 മുതൽ 65 അടി വരെ താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. രക്ഷാപ്രവർത്തകർ ഏകദേശം 40 അടി വരെ കുഴിച്ചപ്പോൾ പാറക്കൂട്ടങ്ങൾ കണ്ടെത്തിയത് രക്ഷാപ്രവർത്തനം തടസപ്പെടുത്തി. പാറകൾ പൊട്ടിക്കുന്നതിനായി ഭോപ്പാലിൽ നിന്നും ഇൻഡോറിൽ നിന്നും പ്രത്യേക ഡ്രില്ലിങ് മെഷീനുകൾ കൊണ്ടുവന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. കല്ല് ഉപയോഗിച്ചാണ് കുഴൽകിണർ മൂടിയിരുന്നത്. കിണറിന് മുകളിൽ സ്ഥാപിച്ചിരുന്ന കല്ല് ഇളകിമാറിയിരുന്നതാണ് അപകട കാരണമെന്നും പൊലീസ് പ്രതികരിച്ചു. 

Tags:    
News Summary - Toddler dies after stuck for 23 hours in Madhya Pradesh borewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.