ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളെയോ കന്നുകുട്ടികളെയോ അറക്കുന്നതിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയ മദ്രാസ് ഹൈകോടതിയുടെ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈകോടതി ഉത്തരവ് സംസ്ഥാനത്ത് നിലവിലുള്ള നിയമത്തിന് വിരുദ്ധമാണെന്നാണ് സർക്കാരിന്റെ വാദം.
സർക്കാർ സമർപ്പിച്ച ഹരജിയിൽ, 1958ലെ തമിഴ്നാട് അനിമൽ പ്രിസർവേഷൻ ആക്ട് ചില നിബന്ധനകൾക്ക് വിധേയമായി ഗോവധം അനുവദിക്കുന്നുണ്ടെന്നും, സമ്പൂർണ നിരോധനം നിയമത്തിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടുന്നു. കൂടാതെ സംസ്ഥാനത്ത് നിലവിലുള്ള നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഹൈകോടതിയുടെ ഉത്തരവെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. 1958ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമ പ്രകാരം, 10 വയസ്സിന് മുകളിൽ പ്രായമുള്ള, കാർഷിക ജോലിക്കോ പ്രജനനത്തിനോ ശേഷിയില്ലാത്തതുമായ പശുക്കളെ ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം കശാപ്പ് ചെയ്യാൻ അനുവദിക്കുന്നുണ്ട്.
കഴിഞ്ഞ മേയ് 27ന്, ബക്രീദിനോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലെ ഗോവധം തടയണമെന്ന പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് മദ്രാസ് ഹൈകോടതി, ബക്രീദിനെന്നല്ല, സംസ്ഥാനത്ത് ഒരു ദിവസവും പശുവിനെയോ കിടാവിനെയോ അറുക്കാൻ അനുവദിക്കരുതെന്ന് ഉത്തരവിട്ടത്. സംസ്ഥാനത്ത് ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ അറക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഉറപ്പാക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. പാലുത്പാദനം വർധിപ്പിക്കുന്നതിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമായി 1976ൽ പുറപ്പെടുവിച്ച ഒരു ഉത്തരവിനെ അടിസ്ഥാനമാക്കിയായിരുന്നു ഹൈകോടതിയുടെ ഉത്തരവ്.
‘ഹിന്ദു മക്കൾ കക്ഷി’ ജനറൽ സെക്രട്ടറി കെ. സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യ ഹരജിയിലായിരുന്നു ഹൈകോടതി നടപടി. മൃഗങ്ങളെ അറക്കുന്നത് നിശ്ചിത കേന്ദ്രങ്ങളിൽ മാത്രമാക്കണം എന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, കോടതി അറവ് പൂർണ്ണമായി നിരോധിക്കുകയായിരുന്നു. ഹരജി വരും ദിവസങ്ങളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.