അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ ഇളവുകളെത്തുടർന്ന് ആഭ്യന്തര വിമാന സർവീസുകൾക്കുള്ള എവിഷൻ ടർബൈൻ ഫ്യൂവൽ വിലയിൽ കുറവ് വരുത്തി. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം ജെറ്റ് ഇന്ധനത്തിന്റെ വില ലിറ്ററിന് 5 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ വിമാന ഇന്ധനത്തിന് 110 രൂപയായി നിരക്ക് കുറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയർന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതിനൊരു ആശ്വാസമായാണ് പുതിയ വിലക്കുറവ് എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ താൽക്കാലിക അയവും വിതരണ ശൃംഖലയിലെ സ്ഥിരതയുമാണ് ഇന്ധന വില കുറയാൻ കാരണമായത്. ഈ തീരുമാനം വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കുറക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ധനവിലയിലെ ഈ ഇളവിന് പുറമെ എണ്ണ കയറ്റുമതി തീരുവയിലും സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പെട്രോൾ, ഡീസൽ, എവിഷൻ ടർബൈൻ ഫ്യൂവൽ എന്നിവയുടെ കയറ്റുമതി തീരുവ സർക്കാർ പുനഃക്രമീകരിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്ത് ഇന്ധനലഭ്യത ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയ പ്രത്യേക തീരുവകളിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
രാജ്യത്തെ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജിയും തങ്ങളുടെ പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്തിയിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചത്. ഏതാണ്ട് രണ്ട് വർഷത്തിന് ശേഷമാണ് ഇന്ധനവിലയിൽ ഇത്തരമൊരു കുറവ് ഉണ്ടാകുന്നത്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിപണിയിലെ ആശങ്കകൾ കുറയുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പശ്ചിമേഷ്യയിലെ ചരക്ക് നീക്കം സാധാരണ നിലയിലേക്ക് മടങ്ങുന്നത് വരും ദിവസങ്ങളിലും ഇന്ധനവിലയിൽ കൂടുതൽ അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.