രോഗിയെ മർദിക്കുന്ന ജീവനക്കാരി
റായ്‌ബറേലി:ഉത്തർപ്രദേശിലെ റായ്‌ബറേലി ജില്ലാ ആശുപത്രിയിൽ രോഗിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാരിക്ക് സസ്പെൻഷൻ. ആശുപത്രിയിലെ സ്വീപ്പറായ പിങ്കിയെയാണ് അധികൃതർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. അത്യാസന്ന നിലയിലായ രോഗിയെ കാൽ കൊണ്ട് തുടർച്ചയായി ചവിട്ടുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് അധികൃതർ നടപടിയെടുത്തത്.
വെറും 35 സെക്കൻഡിനുള്ളിൽ പത്തോളം തവണയാണ് ജീവനക്കാരിയായ പിങ്കി രോഗിയെ ക്രൂരമായി ചവിട്ടിയത്.ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ആശുപത്രി അധികൃതർ ഉടൻ തന്നെ ആരോപണ വിധേയയായ ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചു. 1956-ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനും, 1999-ലെ ഉത്തർപ്രദേശ് സർക്കാർ ജീവനക്കാരുടെ ചട്ടങ്ങൾ പ്രകാരവുമാണ് നടപടിയെടുത്തിരിക്കുന്നത്.
സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി മൂന്നംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ഓർത്തോപീഡിക് കൺസൾട്ടന്റ് ഡോ. ദിനേഷ് പ്രതാപ് സരോജ്, മൈക്രോബയോളജിസ്റ്റ് ഡോ. റിച്ച, സിസ്റ്റർ-മാട്രൺ സുഷ്മ യാദവ് എന്നിവരടങ്ങുന്നതാണ് സമിതി. നിശ്ചിത സമയത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണം.ഇതിനിടയിൽ, മെഡിക്കൽ ആൻഡ് ഹെൽത്ത് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് കുമാർ ഘോഷ് സംസ്ഥാനത്തെ മുഴുവൻ ചീഫ് മെഡിക്കൽ ഓഫീസർമാർക്കും കർശന നിർദേശം നൽകി. രോഗികളോട് മാന്യമല്ലാത്തതും മനുഷ്യത്വരഹിതവുമായ പെരുമാറ്റം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും, സേവന ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആശുപത്രികളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.