സി. ജോസഫ് വിജയ്, ഉദയനിധി സ്റ്റാലിൻ
വിജയ്‌യുടെ പരാമർശത്തിൽ നിയമസഭയിൽ കയ്യാങ്കളി; ഡിഎംകെ എംഎൽഎമാരെ പുറത്താക്കി
ചെന്നൈ: ഡിഎംകെ നേതൃത്വത്തിനെതിരെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ അഴിമതി ആരോപണങ്ങളെച്ചൊല്ലി തമിഴ്‌നാട് നിയമസഭയിൽ കനത്ത സംഘർഷവും പ്രതിഷേധവും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തലുകളും സർക്കാരിയ കമീഷൻ റിപ്പോർട്ടും ഉദ്ധരിച്ച് ഡിഎംകെയ്‌ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. തുടർന്ന് സ്പീക്കറുടെ നിർദ്ദേശപ്രകാരം ഡിഎംകെ എംഎൽഎമാരെ മാർഷൽമാരെ ഉപയോഗിച്ച് സഭയിൽ നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കി.
ചൊവ്വാഴ്ച രാവിലെ സഭ ചേർന്നയുടൻ ഡിഎംകെ ചീഫ് വിപ്പ് എ.വി. വേലുവിന്റെ നേതൃത്വത്തിലാണ് വിഷയം ഉന്നയിച്ചത്. ഇ.ഡി ആരോപണങ്ങളും സർക്കാരിയ കമീഷൻ പരാമർശങ്ങളും സഭയിൽ ഉന്നയിച്ചത് നിയമസഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇവ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഡിഎംകെയുടെ ഈ ആവശ്യം സ്പീക്കർ ജെ.സി.ഡി പ്രഭാകർ തള്ളി. മുൻപ് പലതവണ സഭയിൽ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങൾ തന്നെയാണ് മുഖ്യമന്ത്രിയും പരാമർശിച്ചതെന്നും, അതുകൊണ്ട് പരാമർശങ്ങൾ നീക്കേണ്ടതില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
ഇതിന് പിന്നാലെ ഡിഎംകെ എംഎൽഎമാർ സർക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്ക് ഇരച്ചെത്തി ബഹളം വെച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം ഒരു മിനിറ്റ് പോലും കേൾക്കാൻ പ്രതിപക്ഷം തയ്യാറായില്ലെന്ന് സ്പീക്കറും ഭരണപക്ഷവും കുറ്റപ്പെടുത്തി. ഭരണപക്ഷത്തിന് പറയാനുള്ളത് കേൾക്കാൻ തയ്യാറാകാതെ തങ്ങളുടെ വാദം മാത്രം അടിച്ചേൽപ്പിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്ന് ഭരണകക്ഷി നേതാക്കൾ ആരോപിച്ചു. ഇ.ഡി രേഖകളും സർക്കാരിയ കമ്മീഷൻ കണ്ടെത്തലുകളും ഔദ്യോഗിക രേഖകളാണെന്നും മുഖ്യമന്ത്രിയുടെ നിലപാട് ശരിയാണെന്നും നിയമമന്ത്രി ആർ. നിർമൽ കുമാർ സഭയിൽ വിശദീകരിച്ചു.
കഴിഞ്ഞ ദിവസമാണ് പാർട്ടി ഫണ്ടിന്റെ പേരിൽ ഡിഎംകെ വൻ അഴിമതി നടത്തിയതായി മുഖ്യമന്ത്രി വിജയ് സഭയിൽ ആരോപിച്ചത്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവർക്കെതിരെ ഇ.ഡി അന്വേഷണ റിപ്പോർട്ടുകളിൽ ഗുരുതര ആരോപണങ്ങളുണ്ടെന്ന് വിജയ് പറഞ്ഞിരുന്നു. കൂടാതെ, മുൻ മുഖ്യമന്ത്രി എം. കരുണാനിധി അധികാരം ദുർവിനിയോഗം ചെയ്തതായി സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ ആരോപിച്ചിരുന്നു. ഇതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്. സഭയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷവും എംഎൽഎമാർ നിയമസഭാ കവാടത്തിന് പുറത്ത് സർക്കാരിനെതിരെ ശക്തമായ മുദ്രാവാക്യം വിളി തുടർന്നതോടെ സഭാ പരിസരം നാടകീയ രംഗങ്ങൾക്ക് വേദിയായി.
സഭയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രതിപക്ഷ നേതാക്കൾ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടാനും ജനാധിപത്യപരമായ ചോദ്യംചെയ്യലുകളെ ഭയന്നാണ് ഭരണപക്ഷം ഇത്തരം അടിച്ചമർത്തൽ നടപടികളിലേക്ക് കടക്കുന്നതെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. അടിസ്ഥാനരഹിതമായ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളും പതിറ്റാണ്ടുകൾക്ക് മുൻപുള്ള കാര്യങ്ങളും ഉയർത്തിക്കാട്ടി ജനക്ഷേമ വിഷയങ്ങളിൽ നിന്ന് സഭയുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഭരണകൂട ഭീകരതയ്ക്കും ജനാധിപത്യവിരുദ്ധ നടപടികൾക്കുമെതിരെ ശക്തമായ നിയമപോരാട്ടവും തെരുവിലിറങ്ങിയുള്ള ജനകീയ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി ചുരുങ്ങിയ കാലം കൊണ്ട് ഭരണതലപ്പത്തെത്തിയ വിജയിയും പ്രധാന പ്രതിപക്ഷമായ ഡിഎംകെയും തമ്മിലുള്ള തുറന്ന രാഷ്ട്രീയ യുദ്ധമാണ് നിയമസഭയിലെ അസാധാരണ രംഗങ്ങളിലൂടെ പുറത്തുവന്നത്. ഡിഎംകെയുടെ അഴിമതി രാഷ്ട്രീയത്തെ നേരിടാൻ തങ്ങൾക്ക് യാതൊരു മടിയുമില്ലെന്നും ഭരണപക്ഷത്തിന്റെ ഓരോ നീക്കത്തിനും ശക്തമായ മറുപടി ഉണ്ടാകുമെന്നുമാണ് ഭരണകക്ഷി എംഎൽഎമാരുടെ നിലപാട്. സഭാ സമ്മേളനത്തിന്റെ വരും ദിവസങ്ങളിലും ഈ വാക്പോര് കൂടുതൽ രൂക്ഷമാകുമെന്ന് ഉറപ്പായതോടെ, തമിഴ്‌നാട് നിയമസഭ വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് സാക്ഷ്യം വഹിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.