‘സ്വകാര്യ പങ്കാളിത്തം ഐ.എസ്.ആർ.ഒയുടെ വളർച്ചക്ക്’; നടപടിയെ ന്യായീകരിച്ച് ചെയർമാൻ വി. നാരായണൻ
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ മേഖലയിൽ സ്വകാര്യ കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും വർധിച്ചുവരുന്ന ഇടപെടലിൽ പ്രതികരിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ. ഐ.എസ്.ആർ.ഒ സർക്കാർ സ്ഥാപനമാണെന്നും സ്വകാര്യകമ്പനികളുടെ ഇടപെടൽ ഏജൻസിയുടെ വളർച്ചക്ക് സഹായിക്കുമെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.എസ്.ആർ.ഒയിലെ ചില നിർമ്മാണപ്രവർത്തനങ്ങൾ സ്വകാര്യകമ്പനികൾക്ക് നൽകിയതിനെ തുടർന്ന് ഐ.എസ്.ആർ.ഒ കേന്ദ്രീകരിച്ചുള്ള 9 തൊഴിലാളി സംഘടനകൾ ഔദ്യോഗിക വിശദീകരണം തേടിയിരുന്നു. ഇതിനു മറുപടിയായാണ് ബംഗളുരുവിലെ സ്പേസ് എക്സ്പോയുടെ ഉദ്‌ഘാടന ചടങ്ങിൽ വിശദീകരണം നൽകിയത്. തൊഴിലാളികളുടെ ആശങ്കകൾ സ്വാഭാവികമാണെന്നും ഇതിനു മറുപടി നൽകേണ്ടത് സ്ഥാപനത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ബഹിരാകാശ നിലയത്തിന് 65 വർഷത്തോളം പഴക്കമുണ്ടെന്നും, നിലവിൽ 56 ഓളം ബഹിരാകാശ ഉപകരണങ്ങൾ രാജ്യത്തെ സേവിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും വി നാരായണൻ പറഞ്ഞു. രാജ്യത്തിന്റെ ആവശ്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വർഷത്തിൽ 50 വിക്ഷേപണങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മാറേണ്ടതുണ്ടെന്നും, ഇത് ഇന്ത്യൻ വ്യവസായങ്ങളുടെ സഹകരണത്തോടെ സാധ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പിഎസ്എൽവി, ജിഎസ്എൽവി വിക്ഷേപണങ്ങളുടെ ബജറ്റിന്റെ ഏകദേശം 80 ശതമാനവും നിലവിൽ തന്നെ ഇന്ത്യൻ സ്വകാര്യ വ്യവസായ മേഖലകളിലാണ് നിക്ഷേപിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ വളർത്താൻ സ്വകാര്യ മേഖലയെയും സ്റ്റാർട്ടപ്പുകളെയും പിന്തുണക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള ബഹിരാകാശ സാങ്കേതികവിദ്യകൾ സ്വകാര്യ മേഖലയുടെ സഹായത്തോടെ വികസിപ്പിക്കുന്നതിലൂടെ ഐ.എസ്.ആർ.ഒക്ക് ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ്, അന്യഗ്രഹ ഗവേഷണങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യകളുടെ വികസനം തുടങ്ങിയ പ്രധാന ഗവേഷണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.