നൈനാർ നാഗേന്ദ്രന്‍, വിജയ്

`നിയമസഭ നിങ്ങളുടെ സിനിമാ സ്റ്റുഡിയോ അല്ല മിസ്റ്റർ വിജയ്, മുഖ്യമന്ത്രിയുടെ ഓഫിസ് മാറ്റി സ്ഥാപിക്കാന്‍ കോടികളെന്തിന്?'; വിജയ്ക്കെതിരെ നൈനാർ നാഗേന്ദ്രന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഓഫീസ് കെട്ടിടം മാറ്റി സ്ഥാപിക്കുന്നതിനുവേണ്ടി നികുതിപ്പണം ധൂർത്തടിക്കുകയാണെന്ന് ആരോപിച്ച് സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ രംഗത്ത്. നമക്കൽ കവിഞർ മാളികയുടെ പത്താം നിലയിലേക്ക് ഓഫീസ് മാറ്റുന്നതിനും അനുബന്ധ ജോലികൾക്കുമായി തുക അനുവദിച്ചതായുള്ള വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി.യുടെ വിമർശനം. 6.17 കോടി രൂപ ഇതിനായി അനുവദിച്ചുവെന്ന് രേഖയിൽ പറയുന്നു.

നികുതിപ്പണം ആഡംബരത്തിനും വ്യക്തിപരമായ കാര്യങ്ങൾക്കും ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 'മാറ്റം കൊണ്ടുവരുമെന്നും പുതിയ രാഷ്ട്രീയം നടപ്പാക്കുമെന്നും പറഞ്ഞ് അധികാരത്തിലെത്തിയ ടി.വി.കെ. സർക്കാരിന്റെ യഥാർഥ മുഖം അധികം വൈകാതെ തന്നെ പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആഡംബരത്തിനായി ജനങ്ങളുടെ നികുതിപ്പണം പാഴാക്കുകയാണോ?' എന്ന് നൈനാർ നാഗേന്ദ്രൻ എക്സിൽ കുറിച്ചു.

1,200 കോടി രൂപ ചെലവിൽ പുതിയ സെക്രട്ടേറിയറ്റ് നിർമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കെ, ആറ് കോടിയിലേറെ രൂപ ചെലവിട്ട് താൽക്കാലികമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറ്റുന്നതെന്തിനെന്നും നാഗേന്ദ്രൻ ചോദിച്ചു. നിലവിലെ സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ആഡംബരത്തിനും വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി ഓഫീസ് മാറ്റുന്നതിന് ആറ് കോടിയിലേറെ രൂപ ചെലവഴിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

'അസംബ്ലി നിങ്ങളുടെ സിനിമാ സ്റ്റുഡിയോ അല്ല, മിസ്റ്റർ വിജയ്' എന്നും മറ്റൊരു എക്സ് പോസ്റ്റിൽ നാഗേന്ദ്രൻ പരിഹസിച്ചു. മുഖ്യമന്ത്രി വിജയ് സിനിമാ ഡയലോഗുകൾ പറയാനുള്ള വേദിയായി നിയമസഭയെ കാണുകയാണെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങളോട് പ്രതികരിക്കാൻ മാത്രമുള്ളവരല്ലെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം ആവശ്യത്തിന് സംഭരണശാലകളില്ലാത്തതിനാൽ മഴയത്ത് നെല്ല് നശിക്കുന്നത് മൂലം പ്രതിസന്ധിയിലാകുന്ന കർഷകരുടെ പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകർ തങ്ങളുടെ വിളകൾ സംരക്ഷിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനായി ഇത്രയും വലിയ തുക ചെലവഴിക്കുന്നത് ന്യായമാണോ എന്നും അദ്ദേഹം ചോദിച്ചു. മാറ്റം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുവരുകളിലല്ല, ജനങ്ങളുടെ ജീവിതത്തിലാണ് ഉണ്ടാകേണ്ടതെന്നും നാഗേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നിലയും നൈനാർ നാഗേന്ദ്രൻ ചോദ്യം ചെയ്തു. ടി.വി.കെ.യുടെ രണ്ട് മന്ത്രിമാരുള്ള കോയമ്പത്തൂർ ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 10 കൊലപാതകങ്ങൾ നടന്നതായി അദ്ദേഹം അവകാശപ്പെട്ടു. ചെന്നൈയിൽ ഒരേ ദിവസം രണ്ട് കൊലപാതകങ്ങൾ നടന്നതായും വിജയ് മുഖ്യമന്ത്രിയായതിന് ശേഷം ആറ് കസ്റ്റഡി മരണങ്ങൾ ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മോശമായി പെരുമാറുന്നത് മൂലം പൊലീസിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുകയാണ്.

 
Tags:    
News Summary - Tamil Nadu BJP Chief Slams CM Vijay Over Rs 6.17 Cr Office Relocation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.