ഷില്ലോങ്: ആരോടും ബഹുമാനമില്ലാത്ത ‘താന്തോന്നി’യെപ്പോലെയാണ് ബി.ജെ.പിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ അറിയാം എന്ന അഹംഭാവമാണ് അവരുടെ മുഖമുദ്രയെന്നും ഷില്ലോങ്ങിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു. മേഘാലയയുടെ ഭാഷയും സംസ്കാരവും ചരിത്രവും നശിപ്പിക്കാനുള്ള ബി.ജെ.പി ശ്രമം കോൺഗ്രസ് അനുവദിക്കില്ല. ഞാനിന്ന് നിങ്ങളുടെ തനത് വസ്ത്രവുമണിഞ്ഞ് ഇവിടെ നിൽക്കുന്നത് ഈ സംസ്കാരത്തിനോടുള്ള ബഹുമാനം കൊണ്ടാണ്. ഈ കുപ്പായവുമിട്ട് വടക്കു-കിഴക്കൻ സംസ്കൃതിയെ കരിവാരിത്തേക്കുന്ന പ്രധാനമന്ത്രി കാണിക്കുന്നത് നിങ്ങളെ അപമാനിക്കലാണ് -രാഹുൽ തുടർന്നു.
തൃണമൂലിനെതിരെ രൂക്ഷമായ വിമർശനമാണ് രാഹുൽ നടത്തിയത്. മേഘാലയയിൽ ബി.ജെ.പി അധികാരത്തിൽ വരുന്നുവെന്ന് ഉറപ്പാക്കാനാണ് തൃണമൂൽ മത്സരത്തിനിറങ്ങിയതെന്ന് അദ്ദേഹം ആരോപിച്ചു. നിങ്ങൾക്ക് തൃണമൂലിന്റെ ചരിത്രം അറിയാമല്ലോ. പശ്ചിമ ബംഗാളിൽ അവർ കാണിച്ചുകൂട്ടുന്ന അക്രമങ്ങളും അഴിമതികളും എല്ലാവർക്കും അറിയാം. ഗോവ തെരഞ്ഞെടുപ്പിൽ അവർ ബി.ജെ.പിയെ സഹായിക്കാനായി കോടികൾ പൊടിച്ചു. അതുതന്നെയാണ് മേഘാലയയിലും നടപ്പാക്കുന്നത്. മേഘാലയയിലെ കോൺറാഡ് സാംഗ്മ സർക്കാർ അഴിമതിയിൽ മുങ്ങിയ ഭരണമാണ് നടത്തിയതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 27നാണ് മേഘാലയ തെരഞ്ഞെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മാർച്ച് രണ്ടിനാണ്. നിയമസഭയിൽ 60 അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.