കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്ത് ഇംഗ്ലീഷ് പത്രപ്രവർത്തനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ കേരളീയരുണ്ട്. സഹോദരങ്ങളായ ജോർജ് ജോസഫ്, പോത്തൻ ജോസഫ്, കരുണാകര മേനോൻ, ടി.എം. നായർ, എടത്തട്ട നാരായണൻ, സി.പി. രാമചന്ദ്രൻ, ബി.ജി. വർഗീസ് എന്നിങ്ങനെ നീളുന്ന ആ തിളങ്ങുന്ന പട്ടികയിലെ അവസാനത്തെ ആളായിരുന്നു ടി.ജെ.എസ് ജോർജ്. കഴിഞ്ഞ വർഷം ജൂണിൽ നമ്മെ വിട്ടുപോയ ബി.ആർ.പി ഭാസ്കർ ആണ് തൊട്ടുമുമ്പ് ഈ പ്രതിഭാധനരുടെ കൂട്ടത്തിൽനിന്ന് കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞ മറ്റൊരാൾ. മാധ്യമപ്രവർത്തകൻ മാത്രമല്ല, ഒന്നാംതരം ജീവചരിത്രകാരനും ജീവിതത്തിൽ ഉടനീളം അധികാരികളോട് ഒത്തുതീർപ്പില്ലാതെ സത്യം വിളിച്ചുപറഞ്ഞ ധീരനും ആദർശവാനും ആയിരുന്നു അദ്ദേഹം. 97ാം വയസ്സിൽ നിര്യാതനാകുന്നതിന് രണ്ടുമൂന്ന് വർഷം മുമ്പുവരെ അദ്ദേഹത്തിന്റെ തൂലികക്ക് വിശ്രമം ഉണ്ടായിരുന്നില്ല. 2022ലാണ് കാൽ നൂറ്റാണ്ടിലേറെ പിന്നിട്ട ഇന്ത്യൻ എക്സ്പ്രസിലെ തന്റെ പ്രതിവാര കോളം -പോയന്റ് ഓഫ് വ്യൂ- അവസാനിപ്പിച്ചത്. അന്ന് അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെ പുസ്തകവും - ഡിസ് മാന്റ്ലിങ് ഇന്ത്യ- പ്രസിദ്ധീകരിച്ചു.
1950കളിൽ മുംബൈയിൽ പ്രമുഖ പത്രാധിപരായ എസ്. സദാനന്ദ് നയിച്ച ഫ്രീ പ്രസ് ജേണലിലായിരുന്നു ടി.ജെ.എസിന്റെ തുടക്കം. അന്ന് അദ്ദേഹത്തിന്റെ ചങ്ങാതിയായ ആളാണ് ആ പത്രത്തിൽ കാർട്ടൂണിസ്റ്റ് ആയിരുന്ന, പിന്നീട് ശിവസേനയുടെ സ്ഥാപകൻ ആയ ബാൽ താക്കറേ. 1960കളിൽ ബിഹാറിൽ സെർച്ച് ലൈറ്റിൽ പ്രവർത്തിച്ച കാലത്ത് ആണ് മുഖ്യമന്ത്രി കെ.ബി. സഹായിയെ നിശിതമായി വിമർശിച്ചുകൊണ്ട് ലേഖനം എഴുതിയതിന് അദ്ദേഹം തടവിലായത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിരുന്നു ഒരു മാധ്യമ പ്രവർത്തകന് ആ അനുഭവം. വി.കെ. കൃഷ്ണമേനോനാണ് അന്ന് അദ്ദേഹത്തിന്റെ കേസ് വാദിക്കാൻ എത്തിയത്.
1970കളിൽ ഹോങ്കോങ്ങിലേക്ക് പോയ ടി.ജെ.എസ് ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ എന്ന പ്രശസ്തമായ വാരികയിൽ ചേർന്നു. തുടർന്ന് ആഗോളതലത്തിൽതന്നെ പേരെടുത്ത ഏഷ്യാവീക്ക് എന്ന വാരികയുടെ സ്ഥാപക പത്രാധിപർ ആയി. മറ്റൊരു ഇന്ത്യൻ മാധ്യമപ്രവർത്തകനും അവകാശപ്പെടാനാവാത്ത നേട്ടം. അക്കാലത്ത് സിംഗപ്പൂരിലെ പ്രധാനമന്ത്രി ലീ ക്വാൻ യൂ, ഫിലിപ്പീൻസിലെ ഭരണാധികാരി മാർക്കോസ്, ചൈനയിലെ പ്രമുഖ നേതാക്കൾ തുടങ്ങിയവരുമായൊക്കെ അടുത്ത സൗഹൃദം പുലർത്തി. ഇന്ത്യയിൽ മടങ്ങിയെത്തി ദീർഘകാലം ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ മുഖ്യ ഉപദേശകൻ ആയ അദ്ദേഹം ആണ് സമകാലിക മലയാളം വാരിക തുടങ്ങാനും നേതൃത്വം നൽകിയത്.
രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽനിന്ന് പത്മഭൂഷൺ സ്വീകരിക്കുന്ന
ടി.ജെ.എസ് ജോർജ് (2011)
അമിതാധികാരികളുടെ കടുത്ത വിമർശകൻ ആയിരുന്നു അദ്ദേഹം. ഇന്ദിര ഗാന്ധി, കെ. കരുണാകരൻ, നരേന്ദ്ര മോദി എന്നിവരെ അദ്ദേഹം നഖശിഖാന്തം തന്റെ തൂലികയാൽ വിചാരണ ചെയ്തു. അമിതാഭ് ബച്ചൻ, ജയലളിത എന്നിവരെയും അദ്ദേഹം വെറുതെവിട്ടില്ല. രാഷ്ട്രീയം, സാഹിത്യം, സംഗീതം, സിനിമ എന്നീ വിഷയങ്ങളിലൊക്കെ അദ്ദേഹത്തിന് ആഴത്തിൽ അറിവ് ഉണ്ടായിരുന്നു. ഗംഭീരമായ ഗവേഷണം, അതിസുന്ദരമായ ഭാഷ, സൂക്ഷ്മമായ നിരീക്ഷണം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജീവചരിത്രരചനയുടെ മുഖമുദ്രകൾ. കൃഷ്ണമേനോൻ, നടി നർഗീസ്, എം.എസ്. സുബ്ബുലക്ഷ്മി തുടങ്ങിയവരെയൊക്കെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ ഉജ്ജ്വലങ്ങളാണ്. ദീർഘകാലം കേരളത്തിന് പുറത്തു കഴിഞ്ഞെങ്കിലും കറതീർന്ന മലയാളത്തിലാണ് അദ്ദേഹത്തിന്റെ മനോഹരമായ ആത്മകഥ -ഘോഷയാത്ര. മലയാളികളുടെ സ്വത്ത്: ബഷീർ മുതൽ മോഹൻലാൽ വരെ എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു മലയാള പുസ്തകം.
ഈ ലേഖകന് ഒരു കുടുംബാംഗംതന്നെയായിരുന്നു വെട്ടിത്തുറന്ന് സ്വന്തം അഭിപ്രായം പറയുമ്പോഴും ഊഷ്മളമായ വ്യക്തിബന്ധം പുലർത്തുന്ന ടി.ജെ.എസ്. എന്റെ അച്ഛന്റെ അടുത്ത സുഹൃത്തും ഹോങ്കോങ്ങിൽ ഞങ്ങളുടെ ബന്ധുക്കളായ എം.പി. ഗോപാലന്റെയും എം.പി. നാരായണപിള്ളയുടെയും സഹപ്രവർത്തകനുമായിരുന്നു ടി.ജെ.എസ്. സ്നേഹമയി ആയിരുന്ന ഭാര്യ ശ്രീമതി അമ്മു ജോർജും ഞങ്ങളുടെ എല്ലാ കുടുംബച്ചടങ്ങുകളിലും നിറസാന്നിധ്യവുമായിരുന്നു. പ്രിയങ്കരനും ആദരണീയനുമായ ടി.ജെ.എസിന് കണ്ണീരോടെ വിട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.