ടിപ്പു ജയന്തി ആഘോഷം സമാധാനപരം; രണ്ടായിരത്തോളം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി

ബംഗളൂരു: സംഘ്പരിവാര്‍ സംഘടനകളുടെ എതിര്‍പ്പ് പ്രതിഷേധ സമരങ്ങളിലൊതുങ്ങിയതോടെ കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം സമാധാനപരം. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ മറികടന്ന് പ്രകടനം നടത്തിയ രണ്ടായിരത്തോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 
ഹൈന്ദവ സംഘടനകളുടെ ഭീഷണിയും ബി.ജെ.പിയുടെ കരിദിനാചരണവും കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരുന്നത്. കുടകില്‍ ടിപ്പു ജയന്തി വിരോധി ഹൊരാട്ട സമിതി നടത്തിയ ബന്ദ് പൂര്‍ണമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ബസുകളും ടാക്സികളും ഓട്ടോകളും നിരത്തിലിറങ്ങിയില്ല. കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.  

ദക്ഷിണ കന്നട, കുടക്, ഉഡുപ്പി, ചിത്രദുര്‍ഗ, ചിക്കമഗളൂരു എന്നിവിടങ്ങളില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു. മടിക്കേരിയില്‍ നിരോധനാജ്ഞ മറികടന്ന് പ്രകടനം നടത്താനിരുന്ന 48 ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി കുടക് യൂനിറ്റ് പ്രസിഡന്‍റ് മനു മുത്തപ്പ, എം.എല്‍.എമാരായ കെ.ജി. ബൊപ്പയ്യ, അപ്പാച്ചു രഞ്ജന്‍, എം.എല്‍.സി സുനില്‍ സുബ്രഹ്മണി ഉള്‍പ്പെടെയുള്ളവരെ കരുതല്‍ തടങ്കലിലെടുക്കുകയായിരുന്നെന്ന് കുടക് എസ്.പി പി. രാജേന്ദ്ര പ്രസാദ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട് മടിക്കേരിയില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത് കണക്കിലെടുത്ത് വന്‍തോതില്‍ പൊലീസ്, അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിരുന്നു. 

ബംഗളൂരുവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. മംഗളൂരുവില്‍ ബി.ജെ.പി, ബജ്റംഗ് ദള്‍, വി.എച്ച്.പി പ്രവര്‍ത്തകര്‍ ആഘോഷം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ആഘോഷവേദിയിലേക്ക് കരിങ്കൊടിയേന്തിയത്തെിയ ബി.ജെ.പി ദക്ഷിണ കന്നട എം.പി നളിന്‍കുമാര്‍ കട്ടീല്‍ ഉള്‍പ്പെടെയുള്ള 142 പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എം.പിക്ക് പുറമേ ഗണേഷ് കാര്‍മിക് എം.എല്‍.സി, മോണപ്പ ഭണ്ഡാരി,  എന്നിവരുള്‍പ്പെടെ 142 പേരെയാണ് നീക്കംചെയ്തത്.
 

Tags:    
News Summary - tipu jayanthi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.