‘മോദിക്ക് മാർഗദർശക് മണ്ഡലിൽ പോകാനുള്ള സമയമായി’ -വീണ്ടും വിമർശനവുമായി സുബ്രമണ്യൻ സ്വാമി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടന ദിവസം മോദിയെ കടന്നാക്രമിച്ച സ്വാമി ഇക്കുറിയും സമൂഹ മാധ്യമങ്ങളിലാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനമുയർത്തിയത്.

ചൈനീസ് നാവിക കപ്പലിന് നങ്കൂരമിടാൻ മാലദ്വീപ് അനുവാദം നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു സുബ്രമണ്യൻ സ്വാമിയുടെ പോസ്റ്റ്. മാലദ്വീപിന്റെ നടപടി ഇന്ത്യയെ പരിഹസിക്കലാണെന്നു പറഞ്ഞ അദ്ദേഹം, 2020 മുതൽ ലഡാക്കിൽ ചൈന 4042 ചതുരശ്ര കിലോമീറ്റർ കൈയേറിയിട്ടും ഒരു എതിർപ്പുപോലും ഉയർത്തിയി​​ല്ലെന്ന് സ്വാമി പറഞ്ഞു. നിസ്സഹായനായ ഒട്ടകത്തെപ്പോലെ കരഞ്ഞുനടക്കുന്ന മോദി ‘ആരും വന്നിട്ടില്ല’ എന്നു പറയുകയാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

മോദിക്ക് ‘മാർഗദർശക് മണ്ഡലി’ലേക്ക് പോകാനുള്ള സമയമായെന്ന പരിഹാസത്തോടെയാണ് സ്വാമി കുറിപ്പ് അവസാനിപ്പിക്കുന്നത്. പാർട്ടിയിൽനിന്ന് ഒതുക്കാനായി നേരത്തേ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, അടൽ ബിഹാരി വാജ്പേയി എന്നിവരെ പാർട്ടിയുടെ മാർഗദർശക് മണ്ഡൽ (ഉപദേശക സമിതി) അംഗങ്ങളാക്കി തെരഞ്ഞെടുത്തിരുന്നു. മാർഗദർശക് മണ്ഡൽ അംഗങ്ങൾക്ക് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഒരു പങ്കുമില്ല. മോദിയും അമിത് ഷായും ബി.ജെ.പിയുടെ നിയന്ത്രണം ഏ​റ്റെടുത്ത ശേഷമാണ് സീനിയർ നേതാക്കളെ ഉപദേശകരാക്കി ഒതുക്കിയത്. ഇത് പരാമർശിച്ചാണ് സ്വാമിയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസം അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് ​തൊട്ടുമുമ്പായിരുന്നു മോദിക്കെതിരെ സുബ്രമണ്യൻ സ്വാമിയുടെ രൂക്ഷവിമർശനം. വ്യക്തി ജീവിതത്തിൽ, പ്ര​ത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തിൽ രാമനെ പിന്തുടരാത്തയാളാണ് മോദിയെന്നായിരുന്നു കുറ്റപ്പെടുത്തൽ. കഴിഞ്ഞ പത്തുവർഷമായി രാമരാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിലല്ല മോദി പ്രവർത്തിക്കുന്നതെന്നും സ്വാമി ആരോപിച്ചു.

കഴിഞ്ഞ മാസവും മോദിക്കെതിരെ സുബ്രമണ്യൻ സ്വാമി രംഗത്തുവന്നിരുന്നു. ‘അയോധ്യയിലെ പ്രാണപ്രതിഷ്ഠ പൂജ നടത്തുന്നതിന് മോദിയെ അനുവദിക്കാൻ രാമഭക്തന്മാർക്ക് എങ്ങനെ കഴിയുന്നു? ഭാര്യ സീതയെ രക്ഷിക്കാൻ ഒന്നര പതിറ്റാണ്ടോളം യുദ്ധം ചെയ്തയാളാണ് ശ്രീരാമൻ. എന്നാൽ, മോദിയാകട്ടെ ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരിൽ അറിയപ്പെടുന്നയാളാണ്?’ - ഇതായിരുന്നു സ്വാമിയുടെ പരിഹാസം.

Tags:    
News Summary - Time for Narendra Modi to go to Marg Darshan Mandal -Subramanian Swamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.