ലഖ്നോ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിന് സമീപം റസൂൽപുർ ഗ്രാമത്തിൽ ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തിനിടെ അടിയേറ്റ 19കാരന് ദാരുണാന്ത്യം. ഞായറാഴ്ച നടന്ന സംഭവത്തിൽ ശക്തി ഭക്തി എന്ന യുവാവിനാണ് ജീവൻ നഷ്ടമായത്. ക്രിക്കറ്റ് മത്സരത്തിനിടെ അവസാന പന്ത് വൈഡാണെന്നും അത് മാറ്റിയെറിയണമെന്നും ബാറ്റുചെയ്യുകയായിരുന്ന ശക്തി ആവശ്യപ്പെടുകയും ഇതേതുടർന്നുണ്ടായ തർക്കത്തിനിടെ എതിർ ടീമിലെ ഒരാൾ ബാറ്റുകൊണ്ട് കഴുത്തിൽ അടിക്കുകയുമായിരുന്നു.
അടിയേറ്റ് ഗ്രൗണ്ടിൽ വീണ ശക്തിയെ ഉഞ്ചഗാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിന്റെ പോസ്റ്റ്മോർട്ടം നടത്തിയെന്നും പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ സംഘത്തെ രൂപവത്കരിച്ചെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിശേഷ് ശർമ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളോടൊപ്പം സമീപത്തെ സ്കൂൾ ഗ്രൗണ്ടിലാണ് ഭക്തി ക്രിക്കറ്റ് കളിക്കാൻ പോയത്. ഗ്രൗണ്ടിലെ തർക്കവും പിന്നീടുള്ള സംഭവങ്ങളുമറിഞ്ഞ്, തൊട്ടുത്ത വയലിൽ ജോലി ചെയ്യുകയായിരുന്ന ശക്തിയുടെ അമ്മാവൻ മോഹിത് കുമാർ അവിടേക്കെത്തി. വീണുകിടന്ന ശക്തിക്ക് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും പ്രതികരണമില്ലായിരുന്നു. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മോഹിത് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.