'അവർ പൊലീസല്ല, ആർ.എസ്.എസ് ഗുണ്ടകളാണ്'; വാങ്ചുക്കിനെ സമരപ്പന്തലിൽ നിന്ന് ബലമായി വലിച്ചിഴച്ചു കൊണ്ടുപോയി -അഭിജിത് ദീപ്കെ, പൊലീസ് എത്തിയത് മഫ്തിയിൽ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് സമരപ്പന്തലിൽ നിന്ന് ബലമായി അറസ്റ്റ് ചെയ്തു നീക്കിയതിനെതിരെ കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്കെ. 20 ദിവസത്തെ നിരാഹാര സമരത്തെത്തുടർന്ന് ആരോഗ്യനില വഷളായ വാങ്‌ചുക്കിനെ പൊലീസ് ബലമായി വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്ന് അഭിജിത്ത് ദിപ്കെ പറഞ്ഞു. "രാവിലെ 7 മണിക്ക് ഞാൻ പുറത്തിറങ്ങിയപ്പോൾ, പൊലീസ് ഗുണ്ടകൾ ഇവിടെയെത്തി. 20 ദിവസമായി ഒന്നും കഴിക്കാതെ നിരാഹാരമിരുന്ന 60 വയസ്സുള്ള വാങ്‌ചുക്കിനെ അവർ അസഭ്യം പറഞ്ഞുകൊണ്ട് ബലമായി വലിച്ചിഴച്ചു കൊണ്ടുപോയി. അദ്ദേഹത്തെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് ഞങ്ങൾക്ക് അറിയില്ല. വിവരം അറിഞ്ഞ് സുഹൃത്തിന്റെ വീട്ടിൽ നിന്ന് ജന്തർ മന്തറിലേക്ക് വരുന്നതിനിടെ പൊലീസ് എന്നെയും മർദ്ദിച്ചു... ഇവർ പൊലീസുകാരല്ല; ആർ.എസ്.എസ് ഗുണ്ടകളാണ്. ഞാൻ വിദേശത്ത് നിന്ന് എന്റെ നാട്ടിലേക്ക് തിരിച്ചുവന്നതാണ്; ഞാനൊരു കുറ്റവാളിയാണോ? ഇവർ പൊലീസല്ല, ആർ.എസ്.എസ് ഗുണ്ടകളാണ്," അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ന് രാവിലെ ഏഴുമണിക്കാണ് പൊലീസ് സമരപ്പന്തലിൽ എത്തിയത്. ആദ്യം പോലീസ് ഉദ്യോഗസ്ഥരെത്തി. തൊട്ടുപിന്നാലെ ആംബുലൻസിൽ മൂന്ന് ഡോക്ടർമാർ എത്തി. സോനം വാങ്ചുക്കിനെ പരിശോധിക്കാനാണ് എത്തിയത് എന്നായിരുന്നു സമരപ്പന്തലിലെ സി.ജെ.പി പ്രവർത്തകരെ അറിയിച്ചിരുന്നത്. ഡോക്ടർമാർ വാങ്ചുക്കിനെ പരിശോധിക്കുന്നതിനിടെ മഫ്തിയിലെത്തിയ ഏതാനും പൊലീസ് ഉദ്യോഗസ്ഥർ കൂടി വേദിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അറസ്റ്റ് ചെയ്തു നീക്കുകയാണ് എന്ന് വാങ്ചുക്കിനെ അറിയിച്ചു. സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ ഈ സമയം സമരപ്പന്തലിൽ ഉണ്ടായിരുന്നില്ല. പിന്നാലെ വെളുത്ത തുണികളുമായി നിരവധി പൊലീസുകാർ സമരവേദിയിലേക്ക് ഇടിച്ചുകയറി മറതീർക്കുകയും വാങ്ചുക്കിനെ ബലമായി എടുത്ത് ആംബുലൻസിലേക്ക് മാറ്റുകയുമായിരുന്നു. സഫ്ദർജങ് ആശുപത്രിയിലേക്കാണ് വാങ്ചുക്കിനെ മാറ്റിയത്. വാങ്ചുക്കിന് പിന്നാലെ വേദിയിൽ നിന്ന് സി.ജെ.പി പ്രവർത്തകരെയും പൊലീസ് നീക്കി. പിന്നീട് പ്രവർത്തകരെ വേദിയിലേക്ക് കയറാൻ അനുവദിച്ചില്ല. വേദിക്ക് പൊലീസ് കാവലും ഏർപ്പെടുത്തി. തുടർന്ന് പ്രവർത്തകർ ജന്തർ മന്തറിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ഇവരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. ശാന്തമായി പ്രതിഷേധം തുടരാനാണ് സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ പ്രവർത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. വാങ്ചുക്കിനെ ബലമായി അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹം ആശുപത്രിയിലേക്ക് പോകാൻ വിസമ്മതിച്ചിരുന്നുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

നിരാഹാര സമരത്തിനിടെ വാങ്‌ചുക്കിന്റെ ആരോഗ്യനില ദിവസവും പരിശോധിക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. "ഓരോ പൗരന്റെയും ജീവൻ വിലപ്പെട്ടതാണ്, അത് രക്ഷിക്കാൻ സർക്കാർ അധികാരികൾ എല്ലാ ശ്രമങ്ങളും നടത്തണം" എന്ന് കോടതി നിരീക്ഷിക്കുകയും സർക്കാർ ഡോക്ടർമാരുടെ അഭിപ്രായപ്രകാരം ആവശ്യമായ വൈദ്യസഹായം നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളായതിൽ ആശങ്ക പ്രകടിപ്പിച്ചുള്ള പൊതുതാൽപര്യ ഹർജി തീർപ്പാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയും ജസ്റ്റിസ് തേജസ് കർമിയയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ നിർദ്ദേശങ്ങൾ നൽകിയത്. ലഡാക്കിൽ നിന്നുള്ള എഞ്ചിനീയറും വിദ്യാഭ്യാസ പരിഷ്കർത്താവും കാലാവസ്ഥാ പ്രവർത്തകനുമായ വാങ്‌ചുക്ക്, നീറ്റ്ചോദ്യപേപ്പർ ചോർച്ചാ വിവാദം ഉൾപ്പെടെയുള്ള രാജ്യവ്യാപക പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തുന്നത്. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 20-ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹവും അനുയായികളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാങ്ചുക്കിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്, എ.എ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - CJP activists allege 'Wangchuk dragged by Police forcibly'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.