ബെലഗാവി: മുസ്ലിമായ പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സർക്കാർ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ സംഭവത്തിൽ ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ. കർണാടകയിലെ ബെലഗാവിയിൽ ഹുളികട്ടി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗർ പാട്ടീൽ, കൃഷ്ണ മദാർ, നാഗന ഗൗഡ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 14 ന് ജനത കോളനിയിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ ഏഴ് മുതൽ പത്ത് വയസ്സ് വരെ പ്രായമുള്ള നിരവധി കുട്ടികൾ വെള്ളം കുടിച്ചതിനെ തുടർന്ന് രോഗബാധിതരായി. 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രധാനാധ്യാപകൻ സുലൈമാൻ ഗുരൈനായിക് സൗണ്ടാട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ 13 വർഷമായി എൽപി സ്‌കൂളിലെ പ്രധാനാധ്യാപകനായ സുലൈമാൻ ഗുരൈനായികിനെ സ്ഥലം മാറ്റാനാണ് പ്രതികൾ ശ്രമിച്ചത്. ശ്രീരാമസേന പ്രസിഡന്‍റ് സാഗർ പാട്ടീലാണ് സംഭവത്തിന്‍റെ സൂത്രധാരൻ. മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി കൃഷ്ണ മദാറിനുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സാഗർ പാട്ടീൽ കൃഷ്ണ മദാറിനെ ഗൂഢാലോചനയിൽ പങ്കെടുപ്പിച്ചത്.
ബന്ധുവായ നാഗന ഗൗഡ പാട്ടീലിനെയും സംഭവത്തിൽ സാഗർ പാട്ടീൽ ഉൾപ്പെടുത്തി. കൃഷ്ണ മദാറിന് വിഷക്കുപ്പി നൽകിയത് സാഗർ പാട്ടീലാണ്. കൃഷ്ണ മദാർ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെ വശത്താക്കി കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചു. ഒരു പാക്കറ്റ് ചിപ്സും ചോക്ലേറ്റും 500 രൂപയും മദാർ തനിക്ക് നൽകിയെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത നിഷ്കളങ്കനായ കുട്ടിയെ ഹീനകൃത്യം ചെയ്യാൻ പ്രതികൾ ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിഷം കലക്കാൻ ഉപയോഗിച്ച കുപ്പി സ്‌കൂൾ അങ്കണത്തിൽ നിന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.