ബംഗളൂരു: കർണാടകയിലേക്ക് മൂന്നു വന്ദേഭാരത് ട്രെയിനുകൾ കൂടിയെത്തി. ചെന്നൈ-ബംഗളൂരു-മൈസൂരു റൂട്ടിലും കലബുറഗി-ബംഗളൂരു റൂട്ടിലും തിരുവനന്തപുരം-മംഗളൂരു റൂട്ടിലുമാണ് പുതിയ സർവിസുകൾ. ഇവയുടെ ഫ്ലാഗ് ഓഫ് ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.
ചെന്നൈയിൽനിന്ന് മൈസൂരുവിലേക്കുള്ള രണ്ടാം വന്ദേഭാരത് എക്സ്പ്രസാണ് ആരംഭിച്ചത്. ഈ ട്രെയിൻ (20663/20664) വ്യാഴാഴ്ച മുതൽ ഓടിത്തുടങ്ങും. ഏപ്രിൽ നാലുവരെ ചെന്നൈയിൽനിന്ന് എസ്.എം.വി.ടി ബംഗളൂരു വരെയും തിരിച്ചുമാണ് യാത്ര ചെയ്യുക. കാട്പാടി, കെ.ആർ പുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ആഴ്ചതോറുമുള്ള അറ്റകുറ്റപ്പണിക്ക് മൈസൂരുവിൽ സൗകര്യമൊരുങ്ങിയ ശേഷം ഏപ്രിൽ അഞ്ചു മുതൽ മൈസൂരു വരെ സർവിസ് നടത്തും. കെ.എസ്.ആർ ബംഗളൂരു, മണ്ഡ്യ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.
ചെന്നൈ-മൈസൂരു റൂട്ടിൽ മൂന്നാമത്തെ വന്ദേഭാരത് സർവിസാണിത്. കലബുറഗി-ബംഗളൂരു വന്ദേഭാരത് സർവിസും ആരംഭിച്ചു. കെ.എസ്.ആർ ബംഗളൂരുവിലേക്കുള്ള ഈ ട്രെയിൻ തൽക്കാലം എസ്.എം.വി.ടി സ്റ്റേഷൻ വരെയാണ് സർവിസ് നടത്തുക. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി കാസർകോടേക്ക് സർവിസ് നടത്തിയിരുന്ന വന്ദേഭാരത് (20631/ 20632) മംഗളൂരു സെൻട്രലിലേക്ക് നീട്ടി.
മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6.15ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകീട്ട് 3.05ന് തിരുവനന്തപുരം എത്തും. 4.05ന് തിരുവനന്തപുരത്ത് നിന്ന് തിരികെ യാത്ര തിരിച്ച് രാത്രി 12.40ന് മംഗളൂരു സെൻട്രൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.