എ.സി പൊട്ടടിത്തെറിച്ച കെട്ടിടം
ഫരീദാബാദ്: ഒരു കുടുംബത്തിലെ മൂന്നുപേരും അവരുടെ വളർത്തുനായയും എയർകണ്ടീഷണർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ സ്ഫോടനത്തിലും കനത്ത പുക മൂലവും മരിച്ചു.
ഹരിയാനയിലെ ഫരീദാബാദിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.സചിൻ കപൂർ, ഭാര്യ റിങ്കു കപൂർ, മകൾ സുജൻ കപൂർ എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ ഒന്നരയോടെ നാലുനിലയുള്ള വീടിന്റെ ഒന്നാമത്തെ നിലയിലാണ് ഉയർന്ന ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. രണ്ടാം നിലയിലാണ് കപൂർ കുടുംബം ഉണ്ടായിരുന്നത്. ഒന്നാം നില ഒഴിഞ്ഞുകിടക്കുകയായിരുന്നു.
കനത്ത പുകയാണ് രണ്ടാം നിലയിൽ ഉറങ്ങുകയായിരുന്ന കുടുംബത്തിന്റെ ജീവൻ നഷ്ടമാകാൻ കാരണമായത്. മകൻ മറ്റൊരു മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. സ്ഫോടനശബ്ദം കേട്ടയുടൻ മകൻ ജനൽവഴി പാരപ്പെറ്റിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. നാലുനില കെട്ടിടത്തിന്റെ നാലാം നിലയിൽ ഏഴുപേരടങ്ങുന്ന കുടുംബം താമസിക്കുന്നുണ്ടായിരുന്നു. മൂന്നാം നിലയിൽ സചിന്റെ ഓഫിസാണ് പ്രവർത്തിച്ചിരുന്നത്.
എയർകണ്ടീഷണറിൽ നിന്നുയർന്ന വിഷപ്പുകയാണ് മരണകാരണമെന്ന് സംഭവസ്ഥലം സന്ദർശിച്ച പൊലീസ് അറിയിച്ചു. സ്ഫോടനശബ്ദം കേട്ടാണ് അയൽവാസികളും ഞെട്ടിയുണർന്ന് എത്തിയത്. കനത്ത പുക രക്ഷാപ്രവർത്തനത്തിന് തടസ്സമായതായും അയൽവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.