രാജ്നന്ദ്ഗാവ്: ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ ഒരു കർഷകന്റെ ജേഴ്സി പശു പ്രസവിച്ചത് അപൂർവതകളുള്ള കിടാവിനെ. മൂന്ന് കണ്ണുകളും മൂക്കിൽ നാല് ദ്വാരങ്ങളുമാണ് പശുക്കിടാവിന് ഉള്ളത്. വാർത്ത പ്രചരിച്ചതോടെ കിടാവിനെ ദൈവത്തിന്റെ അവതാരമായി കണ്ട് ആരാധിക്കാൻ ഗ്രാമവാസികളുടെ നീണ്ടനിരയാണിപ്പോൾ.
ജനുവരി 13ന് നവഗാവ് ലോധി ഗ്രാമത്തിലെ കർഷകൻ ഹേമന്ത് ചന്ദേലിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ഈ അപൂർവ കിടാവിന് ജന്മം നൽകിയത്. കിടാവിന്റെ നെറ്റിയുടെ മധ്യത്തിൽ ഒരു അധിക കണ്ണും മൂക്കിൽ നാല് ദ്വാരങ്ങളും കാണപ്പെട്ടന്നും വാൽ ജഡ പിടിച്ച രൂപത്തിലാണെന്നെന്നും കൂടാതെ നാവ് സാധാരണ പശുക്കിടാക്കളെക്കാൾ നീളമുള്ളതാണെന്നും ഹേമന്ത് മാധ്യമങ്ങളോട് പറഞ്ഞു.
കിടാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മൃഗഡോക്ടർ അറിയിച്ചതായി കർഷകൻ പറഞ്ഞു. എന്നാൽ, നാവിന് നീളം കൂടിയതിനാൽ പാലുകുടിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എച്ച്.എഫ് ജേഴ്‌സി ഇനത്തിൽപ്പെട്ട പശു നേരത്തെ മൂന്ന് കിടാവുകൾക്ക് ജന്മം നൽകിയിരുന്നെന്നും അവയെല്ലാം സാധാരണ ശരീരഘടനയോടെയാണ് ജനിച്ചതെന്നും ഹേമന്ത് പറഞ്ഞു. 'അപൂർവ ശരീരഘടനയോടെ ജനിച്ച പുതിയ കിടാവ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നുണ്ട്. ദൈവം ഞങ്ങളുടെ വീട്ടിൽ ജനിച്ചുവെന്നാണ് ഞങ്ങളുടെ വിശ്വാസം' -ഹേമന്ത് കൂട്ടിച്ചേർത്തു.
അപൂർവതരം പശുകിടാവിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ സമീപ ഗ്രാമങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്നവർ ഹേമന്തിന്റെ വീട് സന്ദർശിക്കുകയും കിടാവിനെ ശിവന്റെ അവതാരമായി കണ്ട് ആരാധിക്കാനും തുടങ്ങിയിട്ടുണ്ട്. ഹേമന്തിന്റെ വീടിന് വെളിയിൽ കിടാവിന് പൂവും തേങ്ങയും അർപ്പിച്ച് പ്രാർഥിക്കാൻ ഗ്രാമവാസികളുടെ തിരക്കാണ്.
അതേസമയം, ഇതൊരു അത്ഭുതമായി കണേണ്ടതില്ലെന്നും ഭ്രൂണത്തിന്റെ അസാധാരണമായ വികാസം മൂലമാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നും അത്തരം പശുക്കിടാവുകൾക്ക് ആരോഗ്യം കുറവായിരിക്കുമെന്നും സ്വകാര്യ വെറ്ററിനറി പ്രാക്ടീഷണറായ കമലേഷ് ചൗധരി പറഞ്ഞു.
ഇത്തരം സംഭവങ്ങളെ ദൈവീക സിദ്ധിയായും വിശ്വാസത്തിന്റെ ഭാഗമായുമൊന്നും മാറ്റരുതെന്ന് റയ്പുരിലെ അന്ധശ്രദ്ധ നിർമൂലൻ സമിതി നേതാവ് ഡോ. ദിനേശാ മിശ്ര പറഞ്ഞു. 'ഇത്തരം അപൂർവതകളുമായി ജനിക്കുന്ന മൃഗങ്ങളെ അറിവില്ലായ്മ മൂലം ഗ്രാമീണർ ദൈവത്തിന്റെ അവതാരമായി പൂജിക്കുന്ന നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ച് അവരെ ബോധവത്കരിക്കുകയാണ് വേണ്ടത്' -അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.