മുംബൈ: 31 പേരുടെ ജീവനപഹരിച്ച 2006 ലെ മാലേഗാവ് സ്ഫോടന കേസിൽ നാല് തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകർക്കെതിരായ കുറ്റപത്രം ബോംബെ ഹൈകോടതി റദ്ദാക്കി. കേസിൽ എൻ.ഐ.എ പ്രതിചേർക്കുകയും പ്രത്യേക കോടതി കുറ്റം ചുമത്തുകയും ചെയ്ത രാജേന്ദ്ര ചൗധരി, ധൻ സിങ്, മനോഹർ രാംസിങ് നർവാരിയ, ലോകേഷ് ശർമ എന്നിവർക്കെതിരായ കുറ്റപാത്രമാണ് ചീഫ് ജസ്റ്റിസ് ശ്രീചന്ദ്രശേഖർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ ഹരജിയിലാണ് ബുധനാഴ്ച വിധി പുറപ്പെടുവിച്ചത്. വിധിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
2006 സെപ്റ്റംബർ എട്ടിന് വെള്ളിയാഴ്ച ജുമുഅ നിസ്ക്കാരത്തിന് തൊട്ടുപിന്നാലെ ഹാമിദിയ മസ്ജിത്, ബഡേ കബർസ്ഥാൻ, മുശാവറത്ത് ചൗക്ക് എന്നിവിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. കേസ് ആദ്യം അന്വേഷിച്ച മഹാരാഷ്ട്ര ഭീകര വിരുദ്ധസേന (എ.ടി.എസ്) ഒമ്പത് മുസ്ലിം യുവാക്കളെയായിരുന്നു അറസ്റ്റ് ചെയ്തത്. രണ്ടു വർഷങ്ങൾക്ക് ശേഷം എൻ.ഐ.എ കേസ് ഏറ്റെടുത്തതോടെ സ്ഫോടനത്തിനു പിന്നിൽ തീവ്ര ഹിന്ദുത്വ സംഘടനകളാണെന്ന് കണ്ടെത്തുകയും രാജേന്ദ്ര ചൗധരി, ധൻ സിങ്, മനോഹർ രാംസിങ് നർവാരിയ, ലോകേഷ് ശർമ എന്നിവരെ പ്രതിചേർക്കുകയും ചെയ്തതു. അതോടെ ഒമ്പത് മുസ്ലിം യുവാക്കളെ കോടതി വിട്ടയച്ചു.
2008ലെ രണ്ടാം മാലേഗാവ് സ്ഫോടനത്തിനു പിന്നിൽ തീവ്ര ഹിന്ദുത്വ സംഘടനകളാണെന്ന് ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് കണ്ടെത്തിയതോടെയാണ് 2006ലേ കേസിലും വഴിത്തിരിവുണ്ടായത്. 2008ലെ കേസിൽ സന്യാസിനി പ്രജ്ഞാസിങ് ഠാക്കൂർ, ലഫ്. കേണൽ ശ്രീകാന്ത് പുരോഹിത് അടക്കം ഏഴുപേരെ പ്രതിചേർത്തു അറസ്റ്റ് ചെയ്തത് കർക്കരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസാണ്. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിൽ കർക്കരെ കൊല്ലപ്പെടുകയും ഭീകരാക്രമണ കേസുകൾ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി രൂപീകരിക്കുകയും ചെയ്തതോടെയാണ് മാലേഗാവ് സ്ഫോടന കേസുകൾ എൻ.ഐ.എക്ക് കൈമാറിയത്. 2014ലെ ദേശീയ രാഷ്ട്രീയ മാറ്റത്തിന് ശേഷം വിചാരണ കോടതികളിൽ എൻ.ഐ.എ നിലപാട് മാറ്റി. തീവ്ര ഹിന്ദുത്വ പ്രവർത്തകർ പ്രതികളായ കേസിൽ മൃദു സമീപനം സ്വീകരിക്കണമെന്ന കേന്ദ്രസർക്കാരിന്റെ സന്ദേശം എൻഐഎ ഉദ്യോഗസ്ഥൻ അറിയിച്ചതായി കേസിലെ അന്നത്തെ പബ്ലിക് പ്രോസിക്യൂട്ടർ രോഹിണി സാലിയാൻ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. 2008ലെ മാലേഗാ സ്ഫോടന കേസിൽ പ്രജ്ഞാസിങും പുരോഹിതും ഉൾപ്പെടെ ഏഴു പ്രതികളെയും എൻ.ഐ.എ കോടതി വെറുതെ വിട്ടു. 2025 ജൂലൈയിലായിരുന്നു വിധി. പിന്നീട് സൈന്യത്തിൽ പുരോഹിതന് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.