ന്യൂഡൽഹി: സമൂഹമാധ്യമ ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ മൂന്നു പരാതി പരിഹാര സമിതികൾ (ജി.എ.സി) രൂപവത്കരിക്കുന്നു. സമിതികൾ സംബന്ധിച്ച കൂടിയാലോചന ജനുവരിയോടെ ആരംഭിക്കുമെന്ന് വിവരസാങ്കേതിക വിദ്യ (ഐ.ടി) മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി.
നിരന്തരം അവഗണിക്കപ്പെടുന്ന സമൂഹ മാധ്യമ ഉപയോക്താക്കളുടെ പരാതികളിൽ പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 2022 ഒക്ടോബറിൽ ഐ.ടി. നിയമങ്ങൾ ഭേദഗതി ചെയ്ത് ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മെറ്റ, ട്വിറ്റർ പോലെയുള്ള സമൂഹ മാധ്യമ കമ്പനികളുടെ തീരുമാനങ്ങൾ പരിശോധിക്കാനും തിരുത്തിക്കാനും സമിതികൾക്ക് അധികാരമുണ്ടാകും. ഉപഭോക്തൃ പരാതികളോട് കമ്പനികൾ സ്വീകരിക്കുന്ന അവഗണന സമീപനം ഒഴിവാക്കുകയാണ് ലക്ഷ്യം. വ്യത്യസ്ത തരം പരാതികൾ പരിഗണിക്കുന്നതിനാണ് മൂന്നു സമിതികൾ രൂപവത്കരിക്കുന്നത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം, വ്യാജ വിവരങ്ങൾ, മതപരമായ കാര്യങ്ങൾ തുടങ്ങിയവയാണ് കൂടുതലായും പരാതികളായി ലഭിക്കുന്നത്.
അധിക്ഷേപാർഹമായ മതപരമായ ഉള്ളടക്കം, അശ്ലീല ചിത്രങ്ങൾ, വ്യാപാര മുദ്രയുടെ ലംഘനങ്ങൾ, വ്യാജ വിവരങ്ങൾ തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ഭേദഗതി ചെയ്ത ഐ.ടി. നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, സമൂഹമാധ്യമ കമ്പനികൾ കാര്യക്ഷമമായ സ്വയം നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുന്നതിനെ ഇപ്പോഴും സ്വാഗതം ചെയ്യുന്നതായി ഐ.ടി മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.