ഇന്ത്യ എന്ന പേരിനോട് വിയോജിപ്പുള്ളവർക്ക് ഹിന്ദു എന്ന പദവും ഉപയോഗിക്കാനാകില്ല - ശശി തരൂർ

ന്യൂഡൽഹി: ഇന്ത്യ എന്ന പേരിനോട് വിയോജിപ്പുള്ളവർക്ക് ഹിന്ദു എന്ന പദവും ഉപയോഗിക്കാനാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. 'വൈ ഐ ആം എ ഹിന്ദു' എന്ന തന്റെ പുസ്തകത്തിന്റെ കന്നഡ പതിപ്പായ 'നാണു യാകെ ഹിന്ദു'യുടെ പ്രകാശന വേളയിൽ സംസാരിക്കുന്നതിനിടെയായിരുന്നു തരൂരിന്‍റെ പരാമർശം.

ഇന്ത്യ-ഭാരത് വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഇന്ത്യ എന്ന പദത്തെ എതിർക്കുന്ന ഭരണകക്ഷി അനുകൂലികൾ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നത് കാണുമ്പോൾ രസകരമായി തോന്നുന്നു എന്ന് തരൂർ പറഞ്ഞു.

സിന്ധു നദിക്കരയിൽ താമസിക്കുന്നവരെ അഭിസംബോധന ചെയ്യാൻ വിദേശികൾ ഉപയോഗിച്ചതാണ് ഇരു പദങ്ങളും. ഇന്ത്യ എന്ന് ഉപയോഗിക്കാൻ നിങ്ങൾക്ക് പറ്റില്ലെങ്കിൽ ഹിന്ദു എന്നും ഉപയോഗിക്കാനാകില്ല. ചില ഹിന്ദുക്കൾക്ക് സനാതനധർമം എന്ന പദമാണ് പ്രിയപ്പെട്ടത്. ഹിന്ദു മതത്തിൽ ദൈവത്തെ ഏത് രൂപത്തിൽ, ഭാവത്തിൽ സങ്കൽപ്പിക്കണമെന്നത് ഒരോ വിശ്വാസിയുടെയും താത്പര്യമായിരുന്നു.

പത്ത് കൈകളുള്ള സ്ത്രീരൂപമായാണ് നിങ്ങളുടെയുള്ളിലെ ദൈവമെങ്കിൽ നിങ്ങൾക്ക് അങ്ങനെ വിശ്വസിക്കാം. കുരിശിൽ തറച്ചുനിൽക്കുന്ന മനുഷ്യരൂപമാണ് ദൈവമെങ്കിൽ അങ്ങനെയും വിശ്വസിക്കാം. ഇസ്ലാം മതത്തോട് ചേർന്നുനിൽക്കുന്ന ദൈവിക ബ്രഹ്മത്തെ കുറിച്ചുള്ള ആശയം മഹാ ഋഷിമാരാണ് ആദ്യം കൊണ്ടുവന്നത്. എന്നാൽ പിൽക്കാലത്ത് സാധാരണക്കാർക്ക് ഈ ആശയത്തെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവർ നദികളെയും മരങ്ങളെയും ആദരിക്കാമെന്നതിലേക്കെത്തുന്നത്. അങ്ങനെയാണ് ദൈവത്തെ രൂപമായി വിശ്വസിക്കാൻ തുടങ്ങുന്നതെന്നും ശശി തരൂർ പറഞ്ഞു. ഹിന്ദുക്കൾക്ക് ഹിന്ദു പോപ്പ് ഇല്ല, ഹിന്ദുക്കൾക്ക് ഞായറാഴ്ചയിൽ പ്രത്യേകതയില്ല, ഇഷ്ട ദേവതയെ ആരാധിക്കാൻ ഹിന്ദുക്കൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Those who oppose INDIA cant use the term HINDU says Shashi Taroor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.