ദേവേന്ദ്ര ഫഡ്‌നാവിസ്, വട പാവ്

'മഹാരാഷ്ട്രയെ വെറുക്കുന്നവരെ വട പാവ് സ്റ്റാളിലെ തിളച്ച എണ്ണയിൽ വറുത്തെടുക്കണം'- ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ ശിവസേന മുഖപത്രം

മുംബൈ: മഹാരാഷ്ട്രയിലെ സാധാരണക്കാരെ അപമാനിച്ചെന്നും മുംബൈയുടെ പ്രാദേശിക സ്വത്വം ഇല്ലാതാക്കാൻ ഗൂഡാലോചന നടത്തിയെന്നും ആരോപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ രൂക്ഷമായി വിമർശിച്ച് ശിവസേന (യു.ബി.ടി).

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) ഉൾപ്പെടെയുള്ള 29 മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളുടെ പ്രചാരണ വേളയിൽ തൊഴിലിനെയും പ്രാദേശിക സംസ്കാരത്തെയും കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകളെയാണ് വിമർശിച്ചത്.

മറാത്തി സംസ്കാരത്തെയും ഉപജീവനമാർഗ്ഗത്തെയും മുഖ്യമന്ത്രി കുറച്ചുകാണിച്ചുവെന്നാണ് ആരോപണം. തിങ്കളാഴ്ച നടന്ന സംയുക്ത റാലിയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ വട പാവ് വ്യവസായത്തെ കുറച്ചുകാണിച്ചുവെന്നും മറ്റ് സംസ്ഥാന നേതാക്കൾ അവരുടെ പ്രാദേശിക ഭക്ഷണങ്ങളിൽ അഭിമാനിക്കുമ്പോൾ മഹാരാഷ്ട്രയിലെ നിലവിലെ ഭരണാധികാരികൾ സംസ്ഥാനത്തിന്റെ സ്വന്തം ‘സുങ്ക ഭക്കർ’, ‘വട പാവ്’ എന്നിവയെ വെറുക്കുന്നു എന്ന് ലേഖനത്തിൽ ആരോപിച്ചു.

പാർട്ടി മുഖപത്രമായ സാമ്‌നയിലെ വട പാവ് സിന്ദാബാദ് എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് വിമർശനം. വട പാവ് മറാത്തി സ്വത്വത്തിന്റെ പ്രതീകവും ആയിരക്കണക്കിന് ആളുകളുടെ സാമ്പത്തിക ജീവനാഡിയുമാണെന്നും മഹാരാഷ്ട്രയുടെ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും മുഖപത്രം വിമർശിച്ചു.

വട പാവ് എന്നത് വെറുമൊരു ലഘുഭക്ഷണമല്ലെന്നും, അധ്വാന വർഗത്തിന്‍റെ പ്രതീകമാണെന്നും ലേഖനത്തിൽ പറയുന്നു. ബി.ജെ.പി വരേണ്യതയെയും സാധാരണക്കാരോടുള്ള ശത്രുതയെയും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. സാധാരണക്കാരന്റെ വിയർപ്പിനെ വെറുക്കുന്നവർക്ക് ഒരിക്കലും വട-പാവിന്റെ മഹത്വം മനസ്സിലാകില്ലെന്നും ലേഖനത്തിൽ പറയുന്നു.

ആയിരക്കണക്കിന് മറാത്തി വീടുകളിൽ അടുപ്പുകൾ കത്തുന്നത് വട-പാവ് വ്യവസായം കൊണ്ടാണ്. അതിനെ അപമാനിക്കുന്നത് കഠിനാധ്വാനികളായ സാധാരണക്കാരെ അപമാനിക്കുന്നതിന് തുല്യമാണ്. മഹാരാഷ്ട്രയെ വെറുക്കുന്നവരെ വട പാവ് സ്റ്റാളിലെ തിളച്ച എണ്ണയിൽ വറുത്തെടുക്കണം- ലേഖനത്തിൽ പറയുന്നു.

മുംബൈ ഒരു അന്താരാഷ്ട്ര നഗരമാണെന്നും അത് മഹാരാഷ്ട്രയ്ക്ക് മാത്രമുള്ളതല്ലെന്നുമുള്ള ബി.ജെ.പി നേതാവ് കെ. അണ്ണാമലൈയുടെ പ്രസ്താവനക്കെതിരെയും വിമർശനമുണ്ട്.

മുഖ്യമന്ത്രി ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും അണ്ണാമലൈയുടെ പ്രസ്താവനകളെ അപലപിക്കാൻ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന ലേഖനം അവരുടെ മൗനത്തെ മഹാരാഷ്ട്രയുടെ അഭിമാനത്തിന്റെ കീഴടങ്ങലാണെന്നും മുദ്രകുത്തി.

ജനുവരി 15 ന് ബി.എം.സി വോട്ടെടുപ്പ് നടക്കാനിരിക്കെ മറാത്തി വോട്ടർമാരെ ഭയപ്പെടുത്താൻ ബി.ജെ.പി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഗുണ്ടകളെ കൊണ്ടുവരുകയാണെന്നും എഡിറ്റോറിയൽ ആരോപിച്ചു.

Tags:    
News Summary - 'Those who hate Maharashtra should be fried in boiling oil at a vada pav stall' - Shiv Sena mouthpiece against Devendra Fadnavis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.