ന്യൂഡൽഹി: ഇത്തവണ ലോക്സഭയിലെത്തുന്നത് 15 മുസ്‍ലിം പ്രതിനിധികൾ. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെ വലിയ മാർജിനിൽ കടന്ന് പശ്ചിമ ബംഗാളിലെ ബർഹാംപൂരിൽനിന്ന് സഭയിലെത്തുന്ന തൃണമൂൽ പ്രതിനിധിയായ മുൻ ക്രിക്കറ്റർ യൂസുഫ് പത്താനാണ് പ്രമുഖരിൽ ഒരാൾ. 78 മുസ്‍ലിം സ്ഥാനാർഥികളാണ് മുഖ്യധാര കക്ഷികളെ പ്രതിനിധാനം ചെയ്ത് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. 2019ൽ 115 പേർ മത്സരിക്കുകയും 26 പേർ ജയിക്കുകയും ചെയ്തിടത്താണ് വൻകുറവ്.
ഇത്തവണ, ഹൈദരാബാദിൽ മൂന്നു ലക്ഷത്തിലേറെ വോട്ട് ഭൂരിപക്ഷവുമായാണ് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി സഭയിലെത്തുന്നതെങ്കിൽ ബാരാമുല്ലയിൽ മറ്റൊരു സ്വതന്ത്രൻ അബ്ദുൽ റാശിദ് ശൈഖ് രണ്ടുലക്ഷത്തിലേറെയും ശ്രീനഗറിൽ ആഗ സയ്യിദ് മെഹ്ദി 1.88 ലക്ഷത്തിലേറെയും ഭൂരിപക്ഷവുമായാണ് ജയം നേടിയത്. അനന്ത് നാഗ് രജൗറിയിൽ ജമ്മു-കശ്മീർ നാഷനൽ കോൺഫറൻസ് പ്രതിനിധി മിയാൻ അൽതാഫ് മൂന്നു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടി. ലഡാക്കിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥി മുഹമ്മദ് ഹനീഫയും ജയിച്ചു. ഉത്തർപ്രദേശിലെ രാംപൂരിൽ മുഹിബ്ബുല്ല 88,000ത്തിലേറെ വോട്ടും സംഭാലിൽ സിയാഉ റഹ്മാൻ 1,35,000ത്തിലേറെ വോട്ടും ലീഡ് നേടി. കേരളത്തിൽനിന്ന് ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, ഷാഫി പറമ്പിൽ എന്നിവർ വൻ ഭൂരിപക്ഷത്തിലാണ് വിജയം കണ്ടത്. രാജ്യവ്യാപകമായി കോൺഗ്രസ് 19 പേരെയാണ് നിർത്തിയിരുന്നത്. ഇവരിൽ ഒമ്പതു പേർ ലീഡ് ചെയ്തപ്പോൾ സി.പി.എം നിർത്തിയ 11 പേരിൽ ഒരാൾക്കും ജയിക്കാനായില്ല.
പശ്ചിമ ബംഗാളിൽ 18 പേരാണ് മുസ്‍ലിംകളായി വിവിധ പാർട്ടികളെ പ്രതിനിധാനം ചെയ്ത് രംഗത്തുണ്ടായിരുന്നത്. ഇവരിൽ ആറുപേർ ജയിച്ചു. ബിഹാറിൽ പക്ഷേ, ഒമ്പതിൽ ഒരാൾ മാത്രമാണ് ജയം കണ്ടത്. 34 പേരെ അണിനിരത്തിയ ബി.എസ്.പി ഉത്തർപ്രദേശിൽ സംപൂജ്യരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.