‘മോദിയുടെ ഈ നുണ വലിയ പാപം, സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ മാറിനിൽക്കണം’; രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: അരുണാചൽ പ്രദേശും അക്സായി ചിന്നും ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയ ചൈനയുടെ നടപടിയിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവും മുൻ കേന്ദ്രന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. മോദി കള്ളം പറയുകയാണെന്നും അത് വലിയ തെറ്റാണെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം, ഭാരത് മാതയുടെ അഖണ്ഡത സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടു.

‘2020ൽ ചൈന എൽ.എ.സി (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) കടന്നിട്ടില്ലെന്നും ഇന്ത്യയുടെ പ്രദേശം പിടിച്ചെടുത്തിട്ടില്ലെന്നും പറഞ്ഞ് മോദി ഇന്ത്യൻ ജനതയെ കബളിപ്പിച്ചു. മോദിയുടെ ഈ നുണ വലിയ പാപമാണ്. അടുത്തയാഴ്ച ഇന്ത്യയിൽ നടക്കുന്ന ജി20 മീറ്റിൽ ഷി ജിൻ പിങ്ങിന് മുന്നിൽ മോദി കുമ്പിടുന്നത് നമുക്ക് കാണാം'- സമൂഹ മാധ്യമമായ എക്സിൽ (ട്വിറ്റർ) അദ്ദേഹം കുറിച്ചു.

മറ്റൊരു പോസ്റ്റിൽ, ഭാരതമാതാവിന്റെ അഖണ്ഡത സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ മാറിനിൽക്കണമെന്നും വിരമിക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. നുണകൾ കൊണ്ട് ഹിന്ദുസ്ഥാനെ സംരക്ഷിക്കാനാവില്ലെന്നും മറ്റൊരു നെഹ്‌റുവിനെ താങ്ങാൻ ഇന്ത്യക്ക് കഴിയില്ലെന്നും സ്വാമി കുറിച്ചു.

അരുണാചൽ പ്രദേശും അക്സായി ചിന്നും ഉൾപ്പെടുത്തി ചൈനീസ് പ്രകൃതിവിഭവ മന്ത്രാലയമാണ് തിങ്കളാഴ്ച പുതിയ ഭൂപടം പുറത്തിറക്കിയത്. ചൈനയുടെ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും ഇന്ത്യ ശക്തമായി പ്രതികരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ചൈന ഇന്ത്യയുടെ ഭൂമിയിൽ കടന്നുകയറി പ്രദേശങ്ങൾ പിടിച്ചെടുത്തെന്നും എന്നാൽ, പ്രധാനമന്ത്രി മോദി ഇപ്പോഴും രാജ്യത്തിന്റെ ഒരിഞ്ച് സ്ഥലം പോലും പോയില്ല എന്നാണ് പറയുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. 

Tags:    
News Summary - 'This lie of Modi is a big sin'; BJP leader Subramanian Swamy with severe criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.