മന്ത്രി എസ്. രാജേഷ് കുമാർ
തമിഴ്നാട്ടിൽ വിജയിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഏറെ വിവാദമായി പുതുതായി ചുമതലയേറ്റ കോൺഗ്രസ് മന്ത്രി എസ്. രാജേഷ് കുമാർ. രാജേഷ് കുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തുടങ്ങിയപ്പോൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും അന്തരിച്ച രാജീവ് ഗാന്ധിയെയും പ്രകീർത്തിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഒപ്പം തമിഴ്‌നാട്ടിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ. കാമരാജിന്റെ പാരമ്പര്യത്തെയും പരാമർശിച്ചു. എന്നാൽ സത്യപ്രതിജ്ഞക്കിടെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അദ്ദേഹത്തെ തടസ്സപ്പെടുത്തുകയും, 'ഇത് നിങ്ങളുടെ സത്യപ്രതിജ്ഞയുടെ ഭാഗമല്ല,' എന്ന് കർശനമായി പറയുകയും ചെയ്തു. ഇതിന് ശേഷമാണ് ചടങ്ങുകൾ തുടർന്നത്. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.
59 വർഷത്തിനുശേഷമാണ് തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിയുണ്ടാകുന്നത്. രാജേഷ് കുമാറും വിശ്വനാഥനുമാണ് കോൺഗ്രസിന്റെ മന്ത്രിമാർ. അതേസമയം, പ്രധാന കക്ഷികളായ മുസ്‍ലിം ലീഗും വിടുതലൈ ശിറുതൈകൾ കക്ഷിയും (വി.സി.കെ) മന്ത്രിസഭയിൽ പങ്കാളികളായില്ല. രണ്ട് എം.എൽ.എമാർ വീതമുള്ള ഇരുകക്ഷികളുടെയും പിന്തുണ വിജയ് സർക്കാറിന് നിർണായകമാണ്. ഇരുപാർട്ടികൾക്കും ഓരോ മന്ത്രിസ്ഥാനം വീതം നൽകിയിരുന്നെങ്കിലും ഇതുവരെ അവർ മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് പാർട്ടികളുടെയും മന്ത്രിമാരെ പിന്നീട് മന്ത്രിസഭയിൽ ഉൾപ്പെടുമെന്നാണ് വിവരം.
മേയ് 10നാണ് വിജയ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭയിൽ പരമാവധി 35 മന്ത്രിമാരെ ഉൾപ്പെടുത്താം. വ്യാഴാഴ്ച 23 മന്ത്രിമാർ കൂടി മന്ത്രിസഭയിൽ ചേർന്നതോടെ വിജയ് സർക്കാറിലെ മന്ത്രിമാരുടെ എണ്ണം 32 ആയി.
അതേസമയം, ടി.വി.കെ സർക്കാറിനെ പുറമെനിന്ന് പിന്തുണക്കാനാണ് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും തീരുമാനം. ഇതിനിെട, ഇടതു കക്ഷികൾ എതിർത്തതിനെ തുടർന്ന് അണ്ണാ ഡി.എം.കെ വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ല. 25 വിമതരാണ് ടി.വി.കെയെ വിശ്വാസവോട്ടെടുപ്പിൽ പിന്തുണച്ചത്.
മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് വി.സി.കെ നേതൃത്വം കൂടിയാലോചിച്ച് തീരുമാനം അറിയിക്കുമെന്ന് പാർട്ടി നേതാവ് ടി. തിരുമാവളവൻ അറിയിച്ചു. മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ലീഗ് ഘടകത്തിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഡി.എം.കെയുമായ മുന്നണിബന്ധം വേർപെടുത്തി ടി.വി.കെ മന്ത്രിസഭയിൽ ചേരുന്നതിനോട് കാദർമൊയ്തീന് വിയോജിപ്പായിരുന്നു. എന്നാൽ, കേരളത്തിലേതുപോലെ തമിഴ്നാട്ടിൽ കോൺഗ്രസുൾപ്പെടുന്ന ടി.വി.കെ സഖ്യത്തിൽ ചേരുന്നതിൽ തെറ്റില്ലെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്. ഭരണം പങ്കിടാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും ഇവർക്ക് അഭിപ്രായമുണ്ട്. ഇക്കാര്യത്തിൽ കേരള ലീഗ് നേതൃത്വത്തിന്റെ നിലപാട് നിർണായകമായി.
സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ വിമതപക്ഷത്തിന് മന്ത്രിസഭ പ്രാതിനിധ്യം നൽകിയാൽ പിന്തുണ പുനഃപരിശോധിക്കുമെന്ന ഇടത് നേതാക്കളുടെ മുന്നറിയിപ്പിനെ തുടർന്ന് ടി.വി.കെ നീക്കത്തിൽനിന്ന് പിന്നാക്കംപോയി. അണ്ണാ ഡി.എം.കെ വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്ന് ഇടതുപാർട്ടികൾക്ക് ഉറപ്പുനൽകിയെന്നാണ് വിവരം. അഞ്ചു മന്ത്രിപദവികൾ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന വിമത വിഭാഗത്തിന് ഇത് വൻ തിരിച്ചടിയായി. ഇക്കാര്യത്തിൽ കോൺഗ്രസിനും വിയോജിപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.