ന്യൂഡൽഹി: രാഷ്ട്രീയ മര്യാദയെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്നും ന്യൂയോർക്ക് നഗരത്തിന്റെ നിയുക്ത മേയർ സൊഹ്‌റാൻ മംദാനിയിൽ നിന്നും ഇന്ത്യൻ രാഷ്ട്രീയക്കാർ പലതും പഠിക്കണമെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. മേയർ തിരഞ്ഞെടുപ്പിൽ പരസ്പരം രൂക്ഷമായി വിമർശിച്ചിരുന്ന ട്രംപും മംദാനിയും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തരൂരിന്റെ പരാമർശം.
‘ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. വാചാടോപപരമായ തടസ്സങ്ങളില്ലാതെ. തെരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിനായി ആവേശത്തോടെ പോരാടുക. എന്നാൽ അത് അവസാനിച്ചു കഴിഞ്ഞാൽ ആളുകൾ സംസാരിച്ചു തീർന്നാൽ, രാജ്യത്തിന്റെ പൊതു താൽപര്യങ്ങൾക്കായി സേവിക്കാൻ പ്രതിജ്ഞാബദ്ധരായ രണ്ടുപേർ പരസ്പരം സഹകരിക്കാൻ പഠിക്കുക. ഇന്ത്യയിൽ ഇത് കൂടുതലായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അതിൽ എന്റെ പങ്ക് നിർവഹിക്കാൻ ഞാൻ ശ്രമിക്കുന്നു’ എന്ന് തരൂർ തന്റെ ‘എക്സ്’ ഹാൻഡിലിൽ എഴുതി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇടക്കിടെ പ്രശംസിച്ചതിനും, ഈ മാസം ആദ്യം ജന്മദിനം ആഘോഷിച്ച മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയെ പുകഴ്ത്തി സംസാരിച്ചതിനും സ്വന്തം പാർട്ടിയിലെ ഒരു വിഭാഗത്തിൽനിന്നടക്കം തരൂർ വിമർശനത്തിന് വിധേയനായിരുന്നു. ഇതിനു നേർക്കുള്ള ഒളിയമ്പു കൂടിയാണ് തരൂരിന്റെ പോസ്റ്റ്.
നവംബർ 21ന് ഓവൽ ഓഫിസിൽ വെച്ച് മംദാനിയെ കാണുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഡെമോക്രാറ്റിനെ ‘ഭ്രാന്തൻ‘, ‘കമ്മ്യൂണിസ്റ്റ്’, ‘സ്വേച്ഛാധിപതി’ എന്നൊക്കെ മുമ്പ് മുദ്രകുത്തിയിരുന്നെങ്കിലും പത്രസമ്മേളനത്തിനിടെ ട്രംപ് തന്റെ സന്ദർശകനെ ഉദാരമായി പ്രശംസിക്കുന്ന കാഴ്ചയായിരുന്നു.
മംദാനിക്കെതിരെ പരിഹാസപരമായ പരാമർശങ്ങൾ നടത്തിയ ന്യൂയോർക്കുകാരൻ കൂടിയാണ് ട്രംപ്. ന്യൂയോർക്ക് നഗരത്തിലെ ക്വീൻസിലെ ജമൈക്ക എസ്റ്റേറ്റ്സിലെ സമ്പന്നമായ അയദേശത്താണ് ട്രംപ് വളർത്. അതിനടുത്തുള്ള ക്വീൻസ് മേഖലയെ പ്രതിനിധീകരിക്കുന്ന ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായി മംദാനി സേവനമനുഷ്ഠിച്ചിരുന്നു. രണ്ട് എതിരാളികൾക്കിടയിലും പൊതുവായുള്ള ഒരേയൊരു കാര്യം അതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.