'നീ മുസ്‌ലിമാണോ എന്ന് പരിശോധിക്കണം, ഇത് ഹിന്ദുസ്ഥാനാണ്, ഇവിടെ 'അല്ലാഹ് കെ ബന്ദേ' പാട്ടുവേണ്ട'; ക്ഷേത്ര പരിസരത്ത് പാട്ടുപാടിയ ഗായകന്റെ വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്

അഗർത്തല: ത്രിപുരയിലെ ഗോമതി ജില്ലയിലെ പ്രശസ്തമായ ത്രിപുരസുന്ദരി ക്ഷേത്ര പരിസരത്ത് കൈലാഷ് ഖേറിന്റെ "അല്ലാഹ് കെ ബന്ദേ ഹസ്ദേ" എന്ന ഗാനം ആലപിച്ചതിന് നാടോടി ഗായകനും തെരുവ് കലാകാരനുമായ ഷാനു മലാക്കറിനെ അപമാനിച്ചതായി പരാതി.

ഗായകന്റെ മതം ഏതെന്ന് അറിയാൻ ബി.ജെ.പി നേതാവ് തുഷാർ കാന്തി ഷിൽ വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുന്ന വിഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

'താൻ മുസ്‌ലിമാണോ എന്ന് പരിശോധിക്കണം, പാൻറ് അഴിച്ചുമാറ്റൂ' എന്ന് ആക്രോഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 'ഒരു ഹിന്ദു ക്ഷേത്രത്തിന് സമീപം അല്ലാഹു കേ ബന്ധേ എന്ന് ഉച്ചരിക്കാൻ പാടില്ല, ഇത് ഹിന്ദുസ്ഥാനാണ്, ഹിന്ദുക്കളുടെ നാട്, ഇവിടെ അല്ലാഹുവിന് അനുവാദമില്ല, ഈ മണ്ണിൽ, ഇത് അനുവദിക്കില്ല' എന്ന് അദ്ദേഹം ഗായകനോട് പറയുന്നുണ്ട്.

മെയ് 18 ന് നടന്ന സംഭവത്തെ പ്രതിപക്ഷം അപലപിക്കുകയും ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ പൊലീസ് നടപടിക്ക് മുതിർന്നിട്ടില്ല.

സാനു മലാക്കർ സംസ്ഥാനത്തെ അറിയപ്പെടുന്ന ഗായകനും ഒരു തെരുവ് നർത്തകനുമാണ്. സംഭവദിവസം, ക്ഷേത്രത്തിന്റെ വേലിയോട് ചേർന്നുള്ള പ്രദേശത്ത് മലക്കർ നൃത്തം ചെയ്യുകയായിരുന്നു. ദരിദ്രർക്കായി പണം സ്വരൂപിക്കാനാണ് മലേക്കർ നൃത്ത പരിപാടികൾ സംഘടിപ്പിക്കുന്നത്.

500 വർഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ എല്ലാ മതസ്ഥരും വളരെ സൗഹാർദത്തോടെ കഴിഞ്ഞുപോകുന്നതിനിടെയാണ് അനിഷ്ടസംഭവങ്ങൾ. വിവിധ മതങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള ആളുകളുടെ ഒരു കൂട്ടായ്മയായിട്ടാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഏത് മതത്തിൽ പെട്ടവർക്കും ശ്രീ മാതാ ത്രിപുര സുന്ദരിക്ക് പൂജ നടത്താം എന്നതാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. ഉദയ്പൂരിലെ മുസ്ലീങ്ങൾ പോലും അവരുടെ ആദ്യവിളവും പാലും ദേവി ത്രിപുര സുന്ദരിക്ക് സമർപ്പിക്കുന്നത് ഒരു ആചാരമാണ്. ത്രിപുരയിലെ ഗോത്ര സമൂഹങ്ങൾക്കിടയിലും ദേവി ത്രിപുര സുന്ദരി ജനപ്രിയമാണ്.

സംഘ്പരിവാറിന്റെ ഇടപടൽ പ്രദേശത്ത് വർഗീയ ചേരിതിരിവുണ്ടാക്കാൻ ഇടയാക്കുമെന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു.

Tags:    
News Summary - 'This is Hindustan, Can't Dance to 'Allah ke Bande' Outside Temple': Here's What's Happening in Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.